Monday, 29 August 2011

കാത്തിരിപ്പ്‌



ചൂളം വിളിയോടെ കുതിച്ചു പായുന്ന
വാഹനമായിരുന്നു അയാള്‍
അവളോ
അയാള്‍ക്ക്‌ കടന്നു പോവുന്നതിനുള്ള പാളവും
പുകഞ്ഞും കിതച്ചും അയാള്‍
അവളിലൂടെ കടന്നു പോയി
അപ്പോഴെല്ലാം ഉരുക്ക് വിരലുകള്‍ അടര്‍ത്തി
അയാളെ തടഞ്ഞു നിര്‍ത്തണമെന്ന്
അവള്‍ കരുതാറുണ്ട്‌
വീണ്ടും നീലാകാശം
മുകളില്‍ കാണ്‍കെ
അവള്‍ക്ക്‌ ഉറപ്പാകും
കിതപ്പ് അകലുകയാണ്
പുക ഒരു രാശിയായി
നീലാകാശത്തില്‍
ലയിക്കുകയാണ്
എങ്കിലും അവള്‍
വീണ്ടും പ്രതീക്ഷയോടെ കാതോര്‍ക്കും
ചൂളംവിളികള്‍ക്കും കിതപ്പുകള്‍ക്കുമായി

Wednesday, 24 August 2011

ഒരു സ്വപ്നം


ജാലകങ്ങളുള്ള ഒരു വീട് അവളുടെ സ്വപ്നമായിരുന്നു....
ഓല പാകിയ ഒറ്റമുറി വീട്ടിലിരുന്ന്ആകാശത്തേയ്ക്ക് തുറക്കുന്ന
ജനാലകളും അതിനെ മറയ്ക്കുന്ന നീല വിരികളുമുള്ള
കൊച്ചു വീട് അവള്‍ കിനാവ് കണ്ടു.
ജാലകതിനപ്പുരമുള്ള കാഴ്ചകള്‍ തുടുത്ത  പ്രഭാത്തങ്ങള്‍,  ചുവന്ന സന്ധ്യകള്‍
മധ്യാഹ്നത്തിന്റെ വിയര്‍പ്പു ചാലുകള്‍... തിമിര്‍ത്തു പെയ്യുന്ന മഴ....
വര്‍ണ്ണജാലങ്ങളുടെ ഇന്ദ്ര ചാപം ,എല്ലാം കനവിലവള്‍ കണ്ടു . 
ജാലകം  തുറക്കുന്ന ഒറ്റ വരിപ്പാതയിലൂടെ മുണ്ടിന്റെ കോന്തല
ഇടം കൈയിയില്‍ പിടിച്ച്‌, കണ്ണുകളില്‍ കുസൃതി നിറച്ച്
അവന്‍ തന്നിലേയ്ക്കു വിരുന്നു വരുന്നതും
സന്ധ്യയുടെ തുടുപ്പില്‍ അവനോടൊത്ത് യാത്ര പോകുന്നതും
സ്വപ്നം കണ്ട്തന്റെ ഒറ്റ മുറി വീട്ടിലിരുന്ന്
അവള്‍ വെറുതെ ചിരിച്ചു  
........................
..........................  

     

Monday, 22 August 2011

നിനക്കായി

എന്റെ ഓരോ വാക്കുകളും
എഴുതപ്പെടുന്നത്‌
നിനക്ക് വായിക്കുവാനാണ് ....
പക്ഷെ നീയിതു വായിക്കുമെന്ന്
യാതൊരു ഉറപ്പുമില്ല
നീ രാജാവാണ്
എന്നെ ഭിക്ഷടകയായി
കാണുവാനാണ് നിനക്കിഷ്ടം
നിന്റെ അന്തപ്പുരങ്ങളിലെ
ലഹരിയാകുവാന്‍
എനിക്ക് കഴിയില്ല .....എങ്കിലും
നീയൊരു പ്രിയ ഗാനമായ്
എന്റെ ചുണ്ടിലും...
പ്രിയ സ്വപ്നമായ് മനസ്സിലും
നിറഞ്ഞിരിക്കുന്നു ...
നിന്റെ ഓര്‍മ്മകള്‍
ഞാന്‍ കവിതകളാക്കി
സൂക്ഷിക്കുന്നു
എന്നിലേയ്ക്ക്
നീ വരുമ്പോള്‍
വായിക്കുവാനായി
    
    

ഒരു തോന്നല്‍


മനസ്സുകള്‍ ചന്ത പോലെയാണ്
നിറയെ വ്യാപാരികള്‍ എത്തുന്ന
വലിയ കച്ചവടങ്ങള്‍ നടക്കുന്ന
നഗരത്തിലെ ഒരു ചന്ത ....
വരുന്നവരില്‍ ചിലര്‍
പലതും വാങ്ങിച്ചു കൂട്ടുന്നു
ചിലര്‍ കയ്യിലുള്ളത് വില്‍ക്കുന്നു
ചിലര്‍ക്ക് വന്‍ ലാഭം
മറ്റു ചിലര്‍ക്കോ വലിയ നഷ്ടങ്ങളും
കുറച്ചു പേര്‍ വെറുതെ വന്നു പോകുന്നുമുണ്ട്
ഇനിയുള്ളവരാകട്ടെ
സ്വയം വില്‍ക്കാന്‍ വന്നവരാണ്
വാങ്ങാന്‍ ആളെത്തും വരെ
അളവറിയാതെ
തൂക്കം അറിയാതെ
അവര്‍ സ്വയം
വിലപേശുന്നു
ഒരുവനും വാങ്ങാതെ
ആര്ര്‍ക്കും വേണ്ടാതെ
അവശേഷിക്കുന്നവ
മനസ്സില്‍ ചീഞ്ഞു നാറുന്നു
ഇത് വെറുമൊരു തോന്നലാണോ
ആവാം ......

Tuesday, 16 August 2011

പ്രണയത്തിനു മരണമില്ല.. കന്യകള്‍ക്ക് വാര്‍ദ്ധക്യവും



കന്യകകള്‍ക്ക് വാര്‍ദ്ധക്യമില്ല
പ്രായം കൂടുംതോറും
സ്നിഗ്ധത നശിക്കാത്ത തൊലിയും
വിഷാദം തുളുമ്പുന്ന ചിരിയുമായി
അവര്‍ ഉണര്‍ന്നിരിക്കും ....
അവരുടെ ആകാശത്തില്‍
ഒരിക്കലും പെയ്തു തീരാത്ത
ദുഖത്തിന്റെ കാര്‍മേഖങ്ങള്‍
ഉറഞ്ഞു കൂടി നില്‍ക്കും
അവരുടെ സ്വപ്നങ്ങളില്‍
നിശഗന്ധികളും ചിന്തകളില്‍
സൌഗന്ധികങ്ങളും
പൂത്തുലയും
നിലാവിന്റെ നീല തോണിയില്‍
പ്രണയ തീരങ്ങളിലേയ്ക്ക്‌
അവര്‍ ഒറ്റയ്ക്ക് യാത്ര പോവുന്നു
അവിടെ ഏകാന്തതയുടെ
മയിലാഞ്ചി ഗന്ധമുള്ള
കല്‍പ്പടവുകളില്‍ ഇരുന്നു
അവര്‍ കിനാവ്‌ കാണും
നല്ലൊരു കാമുകനെ
തന്റെ പ്രണയം മുഴുവന്‍
കവര്‍ന്നു എടുക്കുന്ന,,,
കണ്ണുകളില്‍ ചിരിയുള്ള .....
ഹൃദയത്തില്‍ പൂക്കള്‍
വിരിയിക്കുന്ന കൂട്ടുകാരനെ....
അവന്റെ നിശ്വസങ്ങളില്‍
താന്‍ ഉണ്മാദിനിയാവുന്നതും
അവന്റെ
തലോടലുകള്‍ ഉയിര്‍പ്പിന്റെ
ആഘോഷം ആവുന്നതും
കിനാവ്‌ കണ്ടു
കന്യകകള്‍
ഉണര്‍ന്നിരിക്കുന്നു
അവര്‍ വൃദ്ധരാവുന്നില്ല
അവരുടെ പ്രണയം
മരിക്കുന്നുമില്ല

Wednesday, 10 August 2011

ജീവിതം




എന്റെ മനസ്
മഞ്ഞുപെയ്യുന്ന 
ഒരു സെമിത്തേരിയില്‍
അടക്കം ചെയ്തിരിക്കുന്നു ...
അതിന്റെ കുഴിമാടത്തില്‍
അസഹനീയമാം വിധം
ഏകാന്തതയുടെ
പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു
സ്നേഹത്തിന്മ്റെ തീ ജ്വാലകള്‍
കെട്ടടങ്ങിയ ഹൃദയത്തില്‍
യുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട
ആയുധം പോലെ
ഓര്‍മകളുടെ കൂമ്പാരം
അവയിലൊന്നിനു പോലും
ആര്‍ദ്രതയോ ഊഷ്മളതയോ
ഉണ്ടായിരുന്നില്ല
അമാവാസിയിലെ ആകാശം പോലെ
എന്റെ സ്വപ്നങ്ങളില്‍
ഇരുള്‍ പരന്നു കിടന്നു ..
പണിശാലയുടെ പുകക്കുഴല്‍ പോലെ
എന്റെ ചിന്തകള്‍ വിഷം തുപ്പി ....
എന്നിട്ടും എന്റെ ഉള്ളിലെവിടെയോ
പ്രത്യാശയുടെ തീഷ്ണത
ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന
അതിനെ ഞാന്‍ എന്റെ
ഹൃദയത്തോട് ചേര്‍ത്തു
ചോര്‍ന്നു പോവാതെ .....
16 hours ago ·  · 

Saturday, 6 August 2011

പ്രണയ സ്മൃതികള്‍


പ്രണയ സ്മൃതികള്‍

പ്രണയം ഞങ്ങള്‍ക്കിടയില്‍
കനലുകള്‍ എരിച്ച കാലം
എല്ലാ ദിവസവും ഞങ്ങള്‍ക്ക്
...വസന്തകാലമായിരുന്നു .....
ഓരോ കാഴ്ചകളും
ഞങ്ങളെ വിസ്മയിപ്പിച്ചു
ആകാശം ഞങ്ങളുടെ പൂന്തോപ്പായി
നിലാവ് മെഴുകിയ മുറ്റത്തിരുന്നു
ഞങ്ങള്‍ ഞങ്ങളിലെയ്ക്കുള്ള ദൂരം അളന്നു
കണ്ണുകളില്‍ സ്വപ്നം നിറച്ചു ..
മൌനത്തിന്റെ ആഴങ്ങളിലിരുന്നു
ഒരായിരം കനവുകള്‍ നെയ്തു
അനുരാഗതിന്റെയും
ആനന്ദത്തിന്റെയും
കുടമുല്ലകള്‍ ഞങ്ങളുടെ
ചിരിയില്‍ വിടര്‍ന്നു നിന്നു
ഒരിക്കലും തീരാത്ത സ്നേഹം
ഞങ്ങള്‍ ഹൃദയത്തില്‍ നിറച്ചു
പിന്നീടെപ്പോഴോ
ഒരു കൊടുംകാറ്റു വന്നു
ഞങ്ങളെ രണ്ടു തീരങ്ങളിയ്ക്ക്
പറത്തി കൊണ്ടുപോയി
എങ്കിലും ഇന്നും
പ്രണയം കൊളുത്തിയ തിരികള്‍
മനസ്സില്‍ കെടാതെ നില്‍ക്കുന്നു
മധുര സ്മൃതികളായി

Thursday, 4 August 2011

സമാഗമം

ഫേസ് ബുക്കില്‍ തെളിഞ്ഞ
അവളുടെ ചിത്രത്തിന്
എന്തോ പ്രത്യേകതകള്‍ ഉണ്ടെന്നു
ആദ്യം കണ്ടെത്തിയത് അവനാണ്
അവളുടെ വലിയ കണ്ണിലും
വല്ലപ്പോഴും പോസ്റ്റ്‌ ചെയ്യുന്ന
കുറിപ്പുകളിലും പ്രണയം  
കണ്ടെത്തിയതും അവനാണ്
അവളുമായി സംസാരിക്കുമ്പോള്‍ 
താനൊരു ചാലകമായി മാറുന്നത്
പലപ്പോഴും അവന്‍ തിരിച്ചറിഞ്ഞു
ഒന്ന് കാണുകയെന്നത്
അനിവാര്യമെന്ന് തോന്നിയപ്പോഴാണ്
അവനവളെ ക്ഷണിച്ചത്
സമാഗമ  പ്രതീക്ഷയുടെ
രണ്ടു നാളുകള്‍ ....
മഴ മാറി നിന്ന
സായാഹ്നം കടന്നു 
തന്റെ മുന്നിലെത്തിയ
പെണ്‍കുട്ടി .....
ഓരോ കാഴ്ചയും തന്നെ നിരാശ പെടുത്തുന്നത്
അവനറിഞ്ഞു
അവളുടെ തുടുപ്പില്ലാത്ത
വിരലുകളും..
ഉടുപ്പിന്റെ മുന്നിലെ ശൂന്യതയും
കറുപ്പ് നിറവും
അവനെ കുണ്ടിതപ്പെടുതി
 ഒരു പെണ്‍കുട്ടി കറുപ്പ് 
നിറം ഉള്ളവള്‍ ആയതിലും 
സുന്ദരി അല്ലാതതിലും  അവനു ആദ്യമായി
വിഷമം   തോന്നി
പിരിഞ്ഞപ്പോള്‍ അവനില്‍ ഒന്നും
അവശേഷിക്കുന്നില്ലായിരുന്നു
പിന്നീടും അവളുടെ കവിതകള്‍
ഫേസ് ബുക്കില്‍ വന്നു
അതിന്നു താഴെ അവന്റെ
കമന്റുകള്‍ ഒരിക്കലും തെളിഞ്ഞില്ല
അവളുടെ ഫോണില്‍
അവന്റെ നമ്പരും