Monday 31 October 2011

ചില കേട്ടറിവുകള്‍



പ്രണയിനികള്‍ ഹൃദയത്തില്‍ വീഞ്ഞും 
അധരങ്ങളില്‍ മുന്തിരി നീരും സൂക്ഷിക്കുന്നു 
അവരുടെ കണ്ണുകള്‍ നിഗൂഡമായ 
സ്വപ്നങ്ങളിലേയ്ക്കുള്ള തുരങ്കങ്ങള്‍ ആണ്
അതുവഴി ഋതു ഭേദങ്ങള്‍ അറിയാതെ
യാത്ര ചെയ്തവരത്രെ കാമുകന്മാര്‍ ....

പ്രണയിനികള്‍ മൊഴികളില്‍ സ്നേഹവും
ചലനങ്ങളില്‍ മഴവില്ലും തീര്‍ക്കുന്നു
അവരുടെ ശിരോ വസ്ത്രങ്ങള്‍ക്ക് താഴെ
കുടമുല്ലയും പനിനീര്‍ പൂക്കളും സുഗന്ധം നിറയ്ക്കുന്നു
അതില്‍ മുങ്ങി മയങ്ങി
നിദ്ര നഷടപെട്ടവരത്രേ കാമുകന്മാര്‍.....

പ്രണയിനികളുടെ സ്വപ്‌നങ്ങള്‍ സ്വര്‍ണ ഖനികളും
നെടുവീര്‍പ്പുകള്‍ മരുഭൂവിലെ ശീത കാറ്റും ആണ്
അവരുടെ നിശബ്ദതയില്‍ പോലും
ഹൃദ്യമായൊരു കവിത വിരിയുന്നു
അതിന്റെ വൃത്തവും അതിന്നറ്റവും
തേടി നടന്നവരത്രേ കാമുകന്മാര്‍.....

പ്രണയിനികള്‍ സ്നേഹത്തില്‍ ആകാശവും
കാമത്തില്‍ അലയാഴിയുമാണ്
അവരുടെ നീളന്‍ പാവാടയുടെ അലുക്കുകള്‍
മൂര്‍ച്ചയുള്ള മോഹങ്ങളാല്‍ തീര്‍ത്തിരിക്കുന്നു
അത് കൊണ്ട് ഹൃദയം മുറിഞ്ഞു
വേദനിച്ചു ചിരിച്ചവരത്രേ കാമുകന്‍മാര്‍

Monday 24 October 2011

മോഹഭംഗങ്ങള്‍



പറയുവാനാവാതെ
പകരുവാനാവാതെ
ഒരു വാത്സല്യ കടല്‍
ഉള്ളില്‍ ഇരമ്പിയപ്പോഴാണ്
ഒരു മകളുണ്ടായിരുന്നെന്കിലെന്നു
അവള്‍ക്കു തോന്നിയത്‌......

ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയിലേയ്ക്കു
എകാന്തതയിലെയ്ക്ക്...
ഇരുളിലേയ്ക്കു ...
കുഞ്ഞുപുഞ്ചിരിയുടെ വെളിച്ചവുമായി
മകള്‍ കടന്നു വരുന്നത്
അവള്‍ കിനാവ് കണ്ടു തുടങ്ങിയത് .....

പക്ഷേ അപ്പോഴേയ്ക്കും
പടി ഇറങ്ങി പോവുന്ന യൌവ്വനം
തന്റെ ശരീരത്തിലെ
കാണാ കാഴ്ചകളുടെ ലോകം മറയ്ക്കുന്നതും,
നഷ്ടപ്പെടാത്ത വിശുദ്ധികള്‍
പരിഹസിച്ചു ചിരിക്കുന്നതും
അവള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ....

അലയടിച്ച കണ്ണീര്‍ പ്രവാഹത്തെ
കരളില്‍ ഒതുക്കി
മകളെന്ന മോഹത്തെ
മനസ്സില്‍ അടക്കി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
നഷ്ടബോധതിന്നിപ്പുറം
ഉയരുന്ന തേങ്ങല്‍ മാത്രം
അവള്‍ക്ക്‌ അടക്കുവാനായില്ല ....

അന്ന് രാവില്‍...
അവള്‍ കണ്ട കിനാവില്‍
അവള്‍ അമ്മ ആയിരുന്നു
ലോകത്തിന്റെ അമ്മ
സകലതിന്റെയും അമ്മ .....

Thursday 13 October 2011

പ്രണയിനി അറിയുവാന്‍...

.........

കാഞ്ചന ചാരുതേ നിറദീപ തെളിമയില്‍
കനവില്‍ നിറയുന്ന ചേലൊത്ത കണ്മണീ
കരിമിഴി കടക്കണ്ണില്‍ മയങ്ങും മോഹത്തിന്‍
കാഞ്ചന ചൂണ്ടയില്‍ കൊരുത്തതെന്‍ ഹൃദയം..........

കസ്തൂരി മണമോലും കാര്‍കൂന്തല്‍ സമൃദ്ധിയില്‍
കാര്‍ത്തിക വിളക്ക് പോല്‍ തെളിയുന്നു നിന്നാസ്യം
കണ്ണില്‍ വിളക്കുള്ള എന്‍ കസ്തൂരിമാനിനെ
കണ്പാര്‍ക്കുവാനായി കാത്തിരിപ്പാണ് ഞാന്‍

പ്രിയതമേ നിന്നെ പിരിഞ്ഞൊരുനേരമെന്‍
പ്രാണന്റെ ചക്രം നിലയ്ക്കുന്നതു പോലെ
പ്രണയത്തിന്‍ എരിതീയില്‍ വേവുന്ന ഹൃദയത്തില്‍
പ്രാര്‍ത്ഥന തന്‍ നാദം തേന്മഴ തൂവുന്നു .......

ഇന്നീ വനികയില്‍ കല്‍ വിളക്കിന്‍ ചാരെ
ഇന്ദുമുഖീ നിന്നെ കാത്തിരിപ്പാണ് ഞാന്‍
ഇനിയെത്ര നിമിഷങ്ങള്‍ സമാഗമ വേളയ്ക്കായ്
ഇല്ലെന്നില്‍ അല്‍പ്പം ക്ഷമഎന്റെ ശാരികേ

അഴകേ നിനക്കായി പ്രണയത്തിന്‍ പവിഴങ്ങള്‍
ആയിരം സൂക്ഷിക്കും ആഴിയാണിന്നു ഞാന്‍
അലകളിലോരായിരം പ്രണയ സന്ദേശങ്ങള്‍
ആവേശപൂര്‍വ്വം നിനക്കായി കുറിപ്പു ഞാന്‍

വിണ്ണിനെ വെന്‍ കടലാക്കുന്ന അമ്പിളി
വന്നെത്തി നോക്കവേ ഉഴരുന്നോരാഴി പോല്‍
വാര്തിന്കളെ നിന്‍ മുഖമൊന്നു വാടിയാല്‍
വ്യകുലമാകുന്നു വെറുതെയെന്‍ മാനസം

ചുണ്ടിലെ പൂന്തേന്‍ ചിരിയുമായോമാലാള്‍
ചാരത് വന്നങ്ങു ചേര്‍ന്ന് നിന്നീടവേ
ചാരുതയാര്‍ന്നോരായിരം മഴവില്ല്
ചന്ദ്രികേ എന്നില്‍ തെളിയുന്നത് പോലെ

വരികൊരു ശലഭമായ് നീയെന്റെ മാനസ
വനികയില്‍ തീര്‍ത്തൊരു പൂന്തേന്‍ വിരുന്നിനായ്
വര്‍ണ്ണ സ്വപ്നങ്ങളാല്‍ കൊരുത്തൊരു പൂമാല
വാസന്തമേ നിന്നെ ചാര്‍ത്തിചിടട്ടെ ഞാന്‍

എന്നോമാലാളുടെ സീമന്ത രേഖയില്‍
എന്ന് ഞാന്‍ ചാര്‍തിക്കും എന്‍ സ്നേഹ കുംകുമം
എന്ന് നീയണിയുമീ വരണമാല്യം പ്രിയേ
എന്നാണ് ച്ചുറ്റുകീ സ്നേഹത്തിന്‍ പുടവ നീ

നിനക്കായി ഞാനെന്റെ പ്രാണന്‍ സമര്‍പ്പിക്കാം
നിര്മാലമായോരെന്‍ സ്നേഹം സമര്‍പ്പിക്കാം
നന്ദിയ്യായ് എകുമോ എന്‍ പ്രിയ ഗായികേ
നിന്‍ പ്രേമ വനിയിലെ പൂവുകളായിരം

Tuesday 4 October 2011

യാത്ര മൊഴി ....


നിന്നോട് യാത്ര പറയുമ്പോള്‍
എന്ത് കൊണ്ടാണെന്ന് അറിയില്ല
എന്റെ കണ്ണുകള്‍ ചുവക്കുകയും
മേല്ച്ചുണ്ടുകള്‍ക്ക് മീതെ
വിയര്‍പ്പു മണികള്‍
പൊടിയുകയും ചെയ്യുമായിരുന്നു
പറയുവാനാവാത്ത വിധം ഒരു യാത്രാമൊഴി
എന്റെ തൊണ്ടയെ ചുട്ടു പൊള്ളിക്കുമായിരുന്നു
എനിക്ക് നേരെ വീശുന്ന കൈകള്‍ക്ക് പിന്നില്‍
നീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടിയ
നിന്റെ മിഴിയിണകള്‍ .......
പിന്‍ വിളിക്കോ മോഹങ്ങള്‍ക്കോ
തടഞ്ഞു നിര്‍ത്താനാവാത്ത
അനിവാര്യത ഉള്‍ക്കൊണ്ട്
ഹൃദയത്തില്‍ ഒരു
പെരുമഴ ഒളിപ്പിച്ചു വെച്ച്
ഞാന്‍ തിരികെ നിനക്ക് നേരെ കൈകള്‍
വീശും....
വീണ്ടും എന്നെന്കിലുമെന്ന പ്രത്യാശയോടെ ....