Monday, 25 July 2011

ഞാവല്‍പ്പഴങ്ങള്‍


ഞാവല്‍പ്പഴങ്ങള്‍
ചിലയാളുകളെ പോലെയാണ്
അകം തുടുതും
പുറം കറുത്തും
...ചിലപ്പോള്‍
മധുരിച്ചും ...
പുളിച്ചും ...
ചവര്‍പ്പായി
പടര്‍ന്നും ..
ആകാശത്തേയ്ക്ക് വളരുന്ന
ചില്ലയില്‍
പഴുത്ത്‌ തുടുത്ത്
നിന്ന് കൊതിപ്പിച്ചും...
തിന്നുന്ന വായകളെ
കറുപ്പിച്ചും പിന്നെ ...
നീലിപ്പിച്ചും... അങ്ങനെ അങ്ങനെ..

Thursday, 21 July 2011

യാത്ര


നിന്നിലേയ്ക്ക്.........
നിന്റെ ചുംബനങ്ങളുടെ
ഇളം ചൂടിലേയ്ക്ക് ...
നെഞ്ചിലെ പ്രണയത്തിന്റെ
കനല്‍ കൂടിലേയ്ക്കു .....
കരളിലെ കനവിന്റെ
ആര്‍ദ്ര നിലാവിലേയ്ക്ക് ....
ഒരിക്കല്‍ പോലും നീയെന്നെ
ക്ഷണിച്ചിട്ടില്ല....
എന്നിട്ടും ഞാന്‍
നിന്നിലേയ്ക്കു മാത്രമായി
എന്റെ യാത്രകളെ ഒരുക്കി
ഒറ്റയ്ക്ക് ...
വിരഹത്തില്‍ പൊള്ളിയും
ഓര്‍മകളില്‍ നനഞ്ഞും ,
സ്വപ്നത്തില്‍ കുളിര്‍ന്നും...
അങ്ങനെ അങ്ങനെ
ഞാന്‍ എന്റെ യാത്ര 

Friday, 15 July 2011

ഒരു ദിനത്തിന്റെ കൂടി തൂവലുകള്‍ കൊഴിഞ്ഞിരിക്കുന്നു .....
ഇന്നിന്റെ കാല്‍ കീഴിലേയ്ക്കു അണയുവാന്‍ 
ഞാന്‍ ചെയ്ത  യുദ്ധങ്ങളുടെ ഭീകരത എന്നെ
കിടക്കയില്‍ വരിഞ്ഞിട്ടിരിക്കുന്നു .......
നിറമില്ലാത്ത ചായയില്‍ തുടങ്ങി
ചുളിവുകള്‍ വീഴാത്ത കിടക്ക വരെയുള്ള യാത്രയാണ് 
എന്റെ ഒരു ദിവസം ....
ഏതെങ്കിലും ഒരു പ്രതീക്ഷയില്‍ തുടങ്ങി കൊടും നിരാശയിലും
സംഭ്രമതിലും എത്തി നില്‍ക്കുന്നതിനിടയില്‍
വീണു കിട്ടാറുള്ള പുഞ്ചിരി....
സ്നേഹിക്കാന്‍ വിമുഖത കാട്ടുന്ന കൂടുകാരന്റെ
കണ്ണില്‍ എപ്പോഴെങ്കിലും  വിരുന്നെത്തുന്ന അനുകമ്പയുടെ തിരിനാളം..
എപ്പോഴോ എന്നെ കടന്നു പോവുന്ന കാറ്റില്‍ അവന്റെ ഗന്ധ്മുന്ടെന്ന അറിവ്
നിറമങ്ങിയ ചാര് കസാലയുടെ രൂപമുള്ള മുത്തശ്ശിയുടെ ....
കടല്‍ കണ്ണില്‍ ഒളിപ്പിക്കുന്ന അമ്മയുടെ
രാത്രിയില്‍ ഭര്‍ത്താവിനും കുട്ടിക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന കൂട്ടുകാരിയുടെ വിശേഷങ്ങള്‍ 
എല്ലാം കടന്നു സ്ത്രീത്വത്തിന്റെ നിലയ്കാത്ത വിശപ്പുമായി
കിടക്കയിലേയ്ക്ക്  വീണ്ടും 

Tuesday, 12 July 2011

രാത്രി .....

രാത്രി .....
ഉപയോഗ ശൂന്യമായ ഒരു
കാലുറ പോലെ എന്റെ മുന്നില്‍ 
വെറുതെ കിടന്നു.....
പകലുകളാവട്ടെ,
മിന്നല്‍ പിണരിന്റെ ചിറകു പോലെ
എനിക്ക് മീതെ തൂങ്ങിയാടി
ഞാനോ....
ഒരു ശൂന്യതയുടെ നിഴലില്‍
എന്റെ ജീവനെ
ഒളിപ്പിച്ചു വെച്ച് വെറുതെ ഉറക്കം നടിച്ചു
അങ്ങനെ അങ്ങനെ.....

Thursday, 7 July 2011

എന്റെ വീട്

ഞാന്‍ കടലില്‍ ആണ് ജീവിക്കുന്നത്
കടുത്ത ഉപ്പും, കനത്ത തണുപ്പും ഉള്ള
വിശാലമായ കടല്‍ എന്റെ വീടാണ്.....
ഞാന്‍ സൂര്യനെ കാണുന്നില്ല,
സൂര്യന് ചൂടാണെന്നും
 അതെന്നില്‍ പ്രകാശം നിറയ്കുമെന്നും എനിക്കറിയാം
പക്ഷെ... ഈ ഉപ്പും തണുപ്പും കടന്നു വെയിലിലേയ്ക്കു
പോകുവാന്‍ എനിക്ക് ആവുന്നേയില്ല...
കടല്‍ അതിന്റെ പായലും പൂപ്പലും   നിറഞ്ഞ 
വഴു വഴുത്ത ഇരുട്ടുമുറിയില്‍
എന്നെ തടവിലാക്കിയിരിക്കുന്നു...
ഇരുട്ടിലിരുന്നു ഞാന്‍ കിനാവ് കാണുന്നു
എന്റെ സുര്യന്‍ ഈ കടലിനെ വിഴുങ്ങുന്നത്...........

..


Tuesday, 5 July 2011

thonnalukal


പ്രണയം
ഒരു കഥയില്ലയ്മയാണ്.......
രാവരുതിയില്‍
 രണ്ടു  ഹൃദയങ്ങള്‍ വെറുതെ ഉരുകിതീരുന്ന വ്യര്തതയാണ് .....
 ഒരാള്‍ കൂടെ നടക്കുന്നുണ്ടെന്ന തോന്നലാണ്........
വെറുതെ നല്‍കുന്ന വാഗ്ദാനമാണ് .......
സഫലമാകാത്ത സ്വപ്നങ്ങളുടെ ശവക്കോട്ടയാണ്.....
കാമുകി വിശുദ്ദയായിരിക്കനമെന്ന കാമുകന്റെ കാപട്യമാണ് ......
കാമുകന്റെ സിരകളില്‍ അഗ്നി ഉണ്ടാവണമെന്ന
കാമുകിയുടെ പ്രതീക്ഷയാണ് .....
പ്രണയം
സുഖദമായ ഒരു ഓര്‍മയാണ് ....
രണ്ടു ഹൃദയങ്ങളുടെ ഒരുമയാണ്
നിറമുള്ള സ്വപ്നങ്ങളുടെ പൂന്തോട്ടമാണ്
പ്രണയം പ്രളയമാണ്