Tuesday, 22 October 2013

ദേശാടനം 

ഋതു ഭേദത്തിന്റെ 
ആദ്യ ദിനങ്ങളിൽ ഒന്നിലാണ് 
ദേശാടനത്തെ കുറിച്ച് 
നീ എന്നെ ഓർമ്മപ്പെടുത്തിയത്‌
ഉരുകുന്ന വെയിലും 
അലിയുന്ന മഞ്ഞും കടന്നു 
നിലാവിലൂടെ ഇരുളിലൂടെ 
അകലങ്ങളിലെയ്ക്കുള്ള യാത്ര 
മോഹിപ്പിക്കുന്ന പുതു ദേശവും
പരസ്പമൊരു പുതപ്പായി
നാമുറങ്ങിയ ഇടത്താവളങ്ങളും
പേരറിയാത്ത പഴങ്ങളും
പുതു രുചികളും
നിന്നിൽആവേശം നിറച്ചിരിക്കുന്നു
എന്നാൽ എന്നത്തേയും
പോലെ അല്ല ഞാൻ ഇപ്പോൾ
എന്റെ ദേശാടന
മോഹങ്ങള്ക്ക് മുന്നിൽ
ദുശകുനതിന്റെ കരിമ്പൂച്ചയായി
കാലം എല്പ്പിച്ച ദുർബലതകൾ
എന്റെ ചിറകുകൾ അശക്തമാണ്
എത്ര ദൂരം പറന്നിടുമെന്നു
കണ്ടെത്തുവാൻ
കണക്കു കൂട്ടലുകൾക്ക്
ആവുന്നുമില്ല
എങ്കിലും ദേശാടനം
എന്റെയും മോഹമാണ്
സ്വത്വം 

എന്റെ ഉള്ളിൽ ഒരു പെണ്ണുണ്ട് 
ഞാനും നീയുമല്ലാത്ത
സ്വത്വം എന്ന പേരും 
സത്യമെന്ന നേരുമുള്ള 
സുന്ദരി പെണ്ണ് ...
ഉള്ളിലിരുന്നു അവൾ ചിരിക്കുമ്പോൾ 
എന്റെ കണ്ണുകൾ ചിലപ്പോൾ
കണ്ണീർ പുഴ പോലെ നിന്റെ 
മുന്നിൽ ഒഴുകുകയായിരിക്കും
അവൾ കരഞ്ഞപ്പോഴാവട്ടെ
എനിക്കൊരു ചിരിയുടെ
പടം മുഖത്തിൽ ഒട്ടിച്ചു
വെയ്ക്കേണ്ടി വന്നിട്ടുണ്ടാവാം
അവളിൽ കയ്പ്പ് പോലെ
വെറുപ്പ്‌ നിറയെ..
ഞാൻ നിന്നെ
സ്നേഹം കൊണ്ട്
മൂടിയിട്ടുണ്ടാവാം
അവളിൽ സ്നേഹം
കടലായപ്പോൾ
വെറുപ്പിന്റെ
കറുത്ത മുഖവുമായി
ഞാൻ നിന്നിട്ടുണ്ടാവാം
അവളിൽ കാമം
കത്തി പടർന്നപ്പോൾ
ചുണ്ടിൽ രാമ നാമവുമായി
ഞാനൊരു കളഭ കുറിയുടെ
നിഴലിൽ ഒളിച്ചിരുന്നിട്ടുണ്ടാവാം
എന്നിട്ടും അവൾ
എന്നെ ഞാനാക്കി
നിങ്ങള്ക്ക് മുന്നിൽ
നടത്തിടുന്നെപ്പോഴും
മാനം പോകാതെ
കാത്തിടുന്നെപ്പോഴും
നിന്നിൽ നിന്ന് മുന്നോട്ടു പോകുവാൻ
എനിക്ക് കഴിയില്ല കാരണം
എനിക്ക് പരിചിതമായ വഴി
നിന്റെ കാല്പ്പാടുകൾ ആണല്ലോ
 —
ഇല്ലാത്ത വസന്തങ്ങളെയും 
സര്ഗ്ഗങ്ങളെയും 
സമാധി ഇരുത്തി 
എന്നെ പോകുവാൻ 
അനുവദിക്കുക
വിജനമായ തീരങ്ങളും 
നിര്ജീവമായ ആകാശവുമുള്ള
ഏകാന്തതയുടെ തുരുത്തിലേയ്ക്ക് 
എന്നെ പോകുവാൻ 
അനുവദിക്കുക
ജനിച്ചപ്പോൾ ഞാനും
നിങ്ങളെപ്പോലെ
ഒരു മാലാഖ ആയിരുന്നു
വളർന്നപ്പോൾ
ഒരു പിശാചും
എന്നിൽ വളർന്നു
നന്മ അറിയാത്ത
സർഗാത്മകത ഇല്ലാത്ത
സ്നേഹ ബന്ധങ്ങളെ
തടവറ ആക്കുന്ന
പൈശാചികത
എന്നിൽ നിറഞ്ഞിരിക്കുന്നു
എന്റെ സുഖ ദുഖങ്ങളുടെ
ഉത്തരവാദിത്വം ഏറ്റെടുത്തു
എന്നെ പോകുവാൻ
അനുവദിക്കുക
നിങ്ങളുടെ നിഷ്കളങ്കത
എനിക്ക് കൈ എത്താത്ത
പറുദീസയാണ്
നിങ്ങളുമായി
സംവതിച്ചപ്പോൾ എല്ലാം
അതെന്നെ കൊതിപ്പിച്ചിട്ടുമുണ്ട്
സംതുലിതമല്ലാത്ത
എന്റെ ചിന്തകളിൽ
അതിന്റെ ചിത്രം
പതിഞ്ഞിട്ടുമുണ്ട്
എങ്കിലും
എന്നെ പോകുവാൻ
അനുവദിക്കുക
ഹൃദയമില്ലായ്മയുടെ
ഒരു ഓര്മ്മ ചിത്രമായ്‌
നിങ്ങളെന്നെ
മനസ്സില് സൂക്ഷിക്കുക
എന്നെ പോകുവാൻ
അനുവദിക്കുക
ഏകാന്തതയുടെ
വെളിച്ചത്തിലേയ്ക്കു
ശൂന്യതയുടെ
നിറവിലേയ്ക്ക്
എന്നെ പോകുവാൻ
അനുവദിക്കുക
മകൻ അറിയുവാൻ ...

നീ ഇല്ലാതിരുന്ന ഭൂതകാലം 
ഒരു പഴന്തുണി കെട്ടു പോലെ 
എന്റെ മുന്നില് കിടന്നു 
അതിൽ നിറയെ 
അഴുക്കു പിടിച്ചതും 
ജീർണ്ണിച്ചതുമായ 
ഓർമ്മകൾ ആയിരുനൂ 

നിന്റെ പിറവിക്കു മുൻപ്
ശരത് കാല സൂര്യനെപ്പോലെ
ജീവിതം എനിക്ക് മീതെ
എരിഞ്ഞു നിന്നിരുന്നു...
തീഷ്ണമായ അതിന്റെ
നാള ങ്ങളാൽ
എന്റെ മോഹ വൃക്ഷത്തിലെ
ഇലകൾ വാടി കൊഴിഞ്ഞിരുന്നു..

മിഴിയിൽ കുസൃതിയും
മൊഴിയിൽ സ്നേഹവുമായ്‌
നീ പിറന്നതിനു ശേഷമാണ്
അനാഥമായി കിടന്ന
എന്നിലെ മാതൃത്വത്തിന്
അർത്ഥമുണ്ടായതും
എന്റെ ലോകത്തിനു
അതിരുകളുണ്ടായതും

മഞ്ഞു കാലത്ത്
ഒരു കംബളത്തിന്നുള്ളി
നിന്നെ ചേർത്ത് കിടത്തി
കഥകൾ പറഞ്ഞു
ഉറക്കണമെന്നും
പുലരിയിൽ
ഉണര്ന്നു എണീക്കുന്ന
നിന്റെ കുറുംബിനുമീതെ
വാത്സല്യത്തിന്റെ
പൊന്നുമ്മയായി
നിറയണം എന്നും
കഠിനമായി മോഹിക്കുമ്പോൾ

എന്നോളം വളർന്നു
ഇതൾ കൂടിയൊരു
ചെന്താമര മൊട്ടുപോലെ
മകനേ...നീ എന്നിൽ
നിറഞ്ഞു നില്പ്പൂ
എന്റെ സ്വപ്നങ്ങളിൽ
സുഗന്ധം നിറച്ചും
അനാഥ ലോകത്തെ
സനാഥമാക്കിയും ....
പ്രണയം

പ്രണയം യുദ്ധമാണ് 
ഒരാൾ മറ്റൊരാളെ 
സ്നേഹിച്ച് 
തോല്പ്പിക്കുന്നു
അല്ലെങ്കിൽ 
സ്നേഹിക്കാതെ 
കൊല്ലുന്നു.. 
ഒരിക്കൽ നമ്മളും 
യുദ്ധം ചെയ്തിരുന്നു
അവിടെ എല്ലായ്പ്പോഴും
നീ തോല്ക്കുകയും
ഞാൻ മരിക്കുകയും
ചെയ്യപ്പെട്ടു ...
എങ്ങോട്ടെന്നില്ലാതെ
ഒഴുകിപ്പരന്ന
നമ്മുടെ പ്രണയത്തിനു
ഖരാവസ്ഥ
അപ്രാപ്യമായിരുന്നു
എന്ത് കൊണ്ടോ
ശയ്യാ ഗൃഹത്തിന്
മുന്നിൽ എത്തുമ്പോൾ
നിന്റെ കണ്ണുകളിൽ
എന്നോടുള്ള
ബഹുമാനം
തിളങ്ങിയിരുന്നത്
ഞാൻ തിരിച്ചറിഞ്ഞിരുന്നു
നിരാശ രണ്ടു തുള്ളി
നീർ കണമായ്‌
കാഴ്ച മറക്കുമ്പോൾ
ഞാനും ബഹുമാനിച്ചു
സവിശേഷതകളില്ലാത്ത
എന്റെ സ്വത്വത്തെ ...
സ്ക്കൂൾ പഠന കാലത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ഷൈമ .. 
ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള ഒരു അപൂർവ്വ സുന്ദരി ... പഠിക്കുവാൻ പക്ഷെ അവളത്ര പോരായിരുന്നു ..
അവളുടെ കണ്ണുകളിൽ സ്വപ്‌നങ്ങൾ നിറഞ്ഞു കിടന്നിരുന്നു എങ്കിലും നോട്ട് ബുക്കുകളും ഹോം വർക്ക് ബുക്കും ശൂന്യമായി തന്നെ കിടന്നു. അവളോട്‌ കൂട്ട് കൂടുവാൻ ആണ്‍ കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഒരു പോലെ ഉത്സാഹം ആയിരുന്നു .. ഷൈമ പക്ഷെ ആരോടും വലിയ അടുപ്പമൊന്നും കാണിച്ചില്ല . എന്ത് കൊണ്ടോ അവള്ക്കെന്നെ വലിയ കാര്യമായിരുന്നു ..
ഞങ്ങൾ ഒരുമിച്ചു നടക്കുമ്പോൾ അസൂയക്കാർ കൂട്ടുകാര് കളിയാക്കും കാക്കേം കൊക്കും പോണൂന്ന്. അന്നൊക്കെ ഞാൻ ഒരു മാതിരി പാടും ...എന്നുവച്ചാൽ പാട് പെട്ട് ഒന്നോ രണ്ടു വരി മൂളും.. എന്റെ മറ്റു ചങ്ങായിമാരെ അത് ബോറടിപ്പിക്കും എങ്കിലും ഷൈമ എന്റെ ഒരു നല്ല ശ്രോതാവ് ആയിരുന്നു.. സുന്ദരമായ സ്ക്കൂൾ ജീവിതം കഴിഞ്ഞു വര്ഷങ്ങള്ക്ക് ശേഷം ഒരു യാത്രാ മദ്ധ്യേ ഷൈമയെ ഞാൻ വീണ്ടും കണ്ടു ..ഭർത്താവും മകനുമൊത്ത്.. സന്തോഷവതിയായി.. പിരിയുമ്പോൾ ഇത് വരെ എനിക്കൊരു കൂട്ട് ആയില്ലല്ലോ എന്നായിരുന്നു അവളുടെ സങ്കടം .
ഇന്നലെ അപ്രതീക്ഷിതമായി രാജ നഗരിയിലെ തിരകകിനിടയിൽ നിന്ന് ഓടിയിറങ്ങി വന്നു അവളെന്റെ കൈകളിൽ പിടിച്ചു .. ആകെ ചടച്ചു പോയ പോലെ എന്തൊക്കെയോ മാറ്റങ്ങൾ... എന്തേലും ചോദിക്കുന്നതിനു മുൻപ് അവൾ പറഞ്ഞു .. എന്റെ ചേട്ടൻ പോയടീ.. ഐസിൽ വീണ പോലെ ഞാൻ നില്ക്കെ അവളുടെ കണ്ണ് നീർത്തുള്ളികൾ എന്റെ കൈകളെ നയ്ക്കുന്നുണ്ടായിരുന്നു.. ഒന്നും എന്റെ നാവിൽ വന്നില്ല ഒരാശ്വാസ വാക്ക് പോലും ...നിറഞ്ഞു പോയ കണ്ണുകളുടെ അവ്യക്തമായ കാഴ്ചയ്ക്കപ്പുറം കൌമാരം കടക്കാത്ത ഓമനത്തമുള്ള ഒരാണ്‍ കുട്ടി ...ഷൈമയുടെ മകനാണ് ..കണ്ണുകൾ തുടച്ചു അവളെ കൈ പിടിച്ചു നടത്തുന്ന അവനിലാണ് ഇനിയുള്ള അവളുടെ പ്രതീക്ഷകൾ....എന്റെ കുരുത്തം കെട്ട ചിന്തകളിലെയ്ക്ക് ഒരു സങ്കടവും കൂടി നിറച്ചു അവളും മകന് തിരക്കിലേയ്ക്ക് ലയിച്ചു... ഒരിക്കലും അവന്റെ മനസ്സില് നിന്നും അവളെ പടി ഇറക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാനും നടന്നു തിരക്കിൽ നിന്നും എന്റെ താവളത്തിലേയ്ക്ക്