Friday 12 April 2013

അടിമ 

----------------------------------------------------------------------------
അടിമ ചന്തയിലെ 
എന്നത്തേയും ഏറ്റവും 
കുറഞ്ഞ വില എന്റേതായിരുന്നു ... 
യജമാനന്മാരുടെ കണ്ണുകൾ 
എന്നിൽ അധികനേരം 
ഉടക്കി നിന്നിരുന്നില്ല 
മണ്‍ പലക  പോലുള്ള എന്റെ ഉടലും 
എണ്ണി എടുക്കാവുന്ന അസ്ഥികളും 
യജമാനന്മാരെ മുഷിപ്പിച്ചു കൊണ്ടിരുന്നു 
ചന്തയുടെ ജീർണ്ണിച്ച മൂലയിൽ 
എല്ലാ ദിവസവും 
അടിമ ചരക്കായി ഞാനുണ്ടായിരുന്നു 
ചന്തയുടെ പകലിരവുകളിൽ 
എന്റെ വേരുകൾ 
പടർന്നു തുടങ്ങിയിരുന്നു 
അസ്ഥി തുളയ്ക്കുന്ന തണുപ്പിൽ 
ഒരു യജമാനന്റെ 
ക്രൂരതയുടെ പുതപ്പു ഞാൻ സ്വപ്നം കണ്ടു 
കുതിരപ്പുറത്ത്‌  എത്തുന്ന യജമാനർക്ക് മുന്നിൽ 
ദൈന്യത നിറഞ്ഞ നോട്ടമായി എന്റെ 
ആത്മഗതങ്ങൾ  പടർന്നു കിടന്നു 
ഒടുവിലൊരു ദിനം 
ഒരു തുള്ളി ജലം 
എന്റെ ശിരസ്സിലും വീണു 
അടിമകൾക്കുള്ള 
ചങ്ങല പൂട്ടുമായി 
ആരോ എന്നെ വിളിക്കുന്നു 
എന്റെ യജമാനനൻ 
സ്നേഹ ശൂന്യനെങ്കിലും 
സുന്ദരനായിരുന്നു ... 
അയാളുടെ വെളുത്ത തൊലിയും 
മനസ്സും തമ്മിൽ 
ഒരിക്കലും സാമ്യപ്പെട്ടിരുന്നില്ല 
അയാളുടെ വന്യത എനിക്ക് 
സ്നേഹത്തിന്റെ തീരാത്ത 
നിധി കുംഭങ്ങൾ ആയിരുന്നു 
ഒരു ദശാബ്ദമായി 
വിധേയത്വത്തിന്റെ നിറ  കുടവുമായി 
യജമാനനെ സേവിക്കുന്നു 
വായില്ലാതെ 
നാവില്ലാതെ 
കൈകാലുകൾ മാത്രമുള്ള അടിമയായി 
-------------------------------------------------------------------------------

ദീപ വൈക്കം 

Monday 8 April 2013

എനിക്കിഷ്ടം നിന്റെ കണ്ണുകളാണ് 

---------------------------------------------------
നിന്റെകണ്ണുകളാണ് 
എനിക്കിഷ്ടം .... 
അഗാധ നീലിമയുള്ള 
നോക്കുന്നവനെ ക്ഷണിക്കുന്ന 
സ്വപ്നം മയങ്ങുന്ന ,
പ്രണയ വിരഹങ്ങൾ ഇഴ ചേർന്ന് 
ഇന്ദ്രജാലം തീർക്കുന്ന ,
ആർദ്ര സ്നേഹമുറയുന്ന ,
കോപ തീക്കാറ്റ്  മദിക്കുന്ന 
ഒരു പുണരലിൽ 
സുഖദമാം കാമം 
നുരയിട്ട്‌ പൊന്തുന്ന ,
ഒന്ന് പിണങ്ങിയാൽ 
ദുഃഖ വർഷം 
പെയ്തു തിമിർക്കുന്ന 
ചിരി ഒളിപ്പിച്ച 
കഥ പറയുന്ന 

നിന്റെകണ്ണുകളാണ് 
എനിക്കിഷ്ടം .... 
---------------------------------------------------

ദീപ വൈക്കം