Monday 26 September 2011

നവോത്ഥാനം





ഞാന്‍ ആകാശമോ ഭൂമിയോ ഇല്ലാത്ത
വെറുമൊരു അന്തരീക്ഷമായിരുന്നു
എന്നില്‍ ജീവന്റെ പച്ചപ്പോ
ജീവിതത്തിന്റെ നിറ കൂട്ടോ ഇല്ലായിരുന്നു
എങ്കിലുമാ   ശൂന്യതയില്‍
എന്നിലെ പെണ്ണ് മണ്ണായി
അങ്ങനെയിരിക്കെ ഒരുദിനം
ഒരുച്ച കാറ്റ് എന്നെകടന്നു പോയി
ആരുടെയോ മാനത്തു നിന്നും അടര്‍ന്ന
ഒരുതുണ്ട് മേഘവും ..
മേഘം മഴയായി ...
പെണ്ണും മണ്ണും നനഞ്ഞു
നനഞ്ഞ മണ്ണില്‍ വിത്തുകള്‍ വീണു
പിന്നെ ........
ജീവന്റെ തുടിപ്പുകള്‍ ....നിറങ്ങള്‍..
പുഴകള്‍ പൂവുകള്‍ പൂമ്പാറ്റകള്‍ ..
ഞാനൊരു സുന്ദര ലോകമായി മാറി
എങ്കിലും ഇപ്പോഴും എനിക്കറിയില്ല
അന്ന് എന്നിലേയ്ക്ക് ഉച്ചക്കാറ്റായി വന്നതാരെന്നും
അടര്‍ന്നു വീണ മേഘ തുണ്ട് ആരുടെതെന്നും ??

Monday 5 September 2011

പ്രതീകങ്ങള്‍



മഴയുടെ താളം നിലച്ചു തുടങ്ങിയിരിക്കുന്നു ...
എന്റെ ഒറ്റമുറി വീടിന്റെ ജാലകം
തുറന്നു തന്നെ കിടക്കുകയാണ്
പെയ്യുന്ന മരങ്ങള്‍ക്കിടയിലൂടെ
നീ നടന്നു വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു
മഴയില്‍ കുതിര്‍ന്ന നിന്നെ തുവര്‍ത്താന്‍
സ്നേഹത്തിന്റെ പവിഴമല്ലികളും
ഉണക്കാന്‍ ചുട്ടു പഴുത്ത എന്റെ
കിനാവുകളും
വിശപ്പടക്കാന്‍ ചുംബനങ്ങളും
ഞാന്‍ കരുതിവെച്ചു
ഒരിക്കലും നീ വരില്ലെന്നറിഞ്ഞിട്ടും
നിന്റെ ഓര്‍മ്മയുടെ പേമാരിയില്‍
ഓരോ രാത്രിയിലും ഞാന്‍ നനഞ്ഞു വിറച്ചു
പുലരിയില്‍ നിരാശയുടെ കയ്പ്പും
പ്രത്യാശയുടെ മധുരവുമായീ
ഞാനെന്റെ ജീവിത തോണിയില്‍
വീണ്ടും യാത്ര തുടങ്ങും
അപ്പോള്‍ നീയെന്റെ സൂര്യനാവും
ഇത്തിരി ചൂടായി
ഒത്തിരി വെട്ടമായി
കൂടെ നടന്ന്‌ അവസാനം
നീയെന്നെ എരിച്ചു കളയുന്നു