Tuesday, 16 October 2012

ആത്മ രോദനം 


ജീവിത സായാഹ്ന തീരത്തിരുന്നു നീ
തേടുവതെന്താണ് പെണ്‍ കിളീ ഏകയായ്
പോയ കാലത്തിന്റെ ദുഃഖ സ്മൃതികളോ
കൈവിട്ടു പോയോരരുമയാം സ്വപ്നമോ...


യവനിക വീഴുവാനില്ലിനി അധിക നാള്‍
എന്നോതി ദുര്‍ബലമാകും നിന്‍ ചിറകുകള്‍
അരിയുവാന്‍  എത്തുന്ന ചന്ദ്രഹാസത്തിന്‍
മിന്നല്‍പ്പിണരുകള്‍ കാണുന്നതില്ലയോ

ഇല്ലില്ല ഒരു ആരണ്യകം നിനക്കായിനി
ഇല്ലാ നികുന്ജവും ഇണക്കിളി തന്‍ പാട്ടും
കാലമെകുന്നോരീ എകാന്തതയുമായ്
എത്ര നാളുണ്ടിനി എന്‍ പ്രിയ പെണ്‍ കിളീ

ശാരികേ പാടുവാനായില്ലിനിയൊരു
വൈദേഹി തന്‍ കഥയും കിളി കൊഞ്ചലും
ഇല്ലൊരു രാധയും വൃന്ദാവനവും
കുളിരാര്‍ന്നു പാടുന്ന ഹംസ ഗാനങ്ങളും

നിന്റെ മാനസ നികുന്ജതില്‍ ഇപ്പോഴും
കൊക്കുരുമ്മി ഇരിക്കുന്നൊരാണ്‍ കിളി
സ്വപ്നമാണെന്ന് അറിയുവാന്‍ ആവാത്ത
മൂഡയാണു നീ ശാരിക പെണ്‍  കിളീ 


നിന്നെ എയ്യുവാന്‍ ഉന്നം നോക്കീടുന്ന
വനചരനെ നീ കാണുന്നതില്ലയോ
കൊടിയോരമ്പ് നിന്‍ നെഞ്ചിലെത്തും
മുമ്പരിയൊരീ പ്രയാണം തുടരുക ...............





Monday, 15 October 2012

വിശപ്പ്‌ 


കരി പിടിച്ചൊരീ മണ്‍ പാത്രമിന്നും
 ശൂന്യം ആണെന്നതോര്‍ത്തു തളര്‍ന്നു ഞാന്‍
വഴിയരികില്‍ തണല്‍ വിരിക്കുന്നോരീ
പാഴ് മരത്തിന്റെ ചോട്ടിലിരിക്കുന്നു

ഭൂമിയാകെ കരിച്ചു നീങ്ങുന്നോരീ
കഠിന മധ്യാഹ്ന രശ്മികള്‍ പോലുമീ
വഴിയരികിലെ വ്യഥിതനാം പാന്ഥന്റെ
എരിയുമരവയര്‍ കാണാതെ പോകുന്നു


ഒരു പകലിന്റെ അന്ത്യ ശ്വാസം കടന്ന്
ഇരവു വന്നിടാന്‍ നേരവുമായിതാ
ഇനിയുമീ കരി പാത്രത്തിന്‍ ശൂന്യത
നീക്കുവാനായിട്ടിങ്ങ് എത്തിയില്ലാരുമേ

മാന ചിന്ത തന്‍ അസ്ഥിവാരങ്ങളെ
അടിയറവു വെച്ച് എത്രയോ പകലുകള്‍
യാചനകള്‍ തന്‍ ദീന മുഖവുമായ്
നിന്റെ മുമ്പില്‍ കുമ്പിട്ടു നിന്നു  ഞാന്‍

തിക്തമാകുമെന്‍ കഷ്ട്ട ദിനങ്ങളില്‍
വിവശമീ വിശപ്പെന്നെ പഠിപ്പിച്ചു
കൈയ്യില്‍ കാലണ ഇല്ലാത്തവരുടെ
അന്നമാകുന്നു പട്ടിണി എന്നുമേ ..

എങ്കിലും കിനാ കാണുന്നു ഞാനൊരു
പൊന്‍ ദിനത്തില്‍ നീ വന്നെത്തിടുന്നതും
സ്നേഹമാകുന്ന തുമ്പപ്പൂ ചോറിനാല്‍
എന്റെ മണ്‍ പാത്രം നീ നിറയ്ക്കുന്നതും .....



Friday, 5 October 2012

ഇന്നലെ നിന്റെ പൂക്കൂട  നിറയെ എന്റെ കിനാവിലെ 
ജമന്തി പൂക്കള്‍ ആയിരുന്നൂ 


നീ പെയ്തു തോര്‍ന്ന എന്റെ ആകാശത് 
ഭൂതകാലത്തിന്റെ മേഘ കുഞ്ഞുങ്ങള്‍ 
നീ പടിയിറങ്ങിയ ഹൃദയത്തിന്‍ മുറ്റത്ത്‌ 
പണ്ട് നാമൊന്നായി എതിരേറ്റ സന്ധ്യയും 
 പുലരിയും കാറ്റും അനാഥമായി അലയുന്നു 
നീ ഉപേക്ഷിച്ചു പോയ മോഹ തീരത്ത് 
നമ്മള്‍ ഒന്നായി ചുമലേറ്റി ആടിയ 
കിനാവിന്‍ മാരിവില്‍ കാവടി ചിതറി കിടക്കുന്നു 
നിനക്കറിയാം നീയില്ലാതെ 
എന്റെ പൂക്കള്‍ ചിരിക്കില്ല 
കിളികള്‍ പാടില്ലാ 
എന്നിട്ടുമെന്തിനാണ്
ഇന്നലെ നീ എന്റെ കിനാവിലെ  
ജമന്തി പൂക്കളാല്‍ 
നിന്റെ പൂക്കൂട നിറച്ചത് 

Wednesday, 3 October 2012

മൃതിയിലേക്ക്‌ പാതകള്‍ ഒരുക്കുന്നവര്‍


തീ തുപ്പുന്ന മദ്ധ്യാഹ്നം പോലെയാണ്
എന്റെ ചിന്തകള്‍
ഏകാന്തതയുടെ മണല്‍  കൂനകള്‍ക്ക് മീതെ
മൌനം വിതച്ച് ,
തളര്‍ന്ന ഹൃദയ കമ്പനങ്ങളില്‍
ഭയത്തിന്റെ താളം നിറച്ച് ,
മൃതിയിലെയ്ക്കുള്ള പാതകള്‍ തീര്‍ക്കുന്നു .....
മഴ നിറഞ്ഞ സായാഹ്നം പോലാണ്
എന്റെ സ്വപ്നങ്ങള്‍ ,
മിഴികള്‍ നനയ്ക്കാതെ ,
കണ്ണീര്‍ ഉപ്പ് നുണയാതെ ,
ഒരു രാത്രി പോലും
എന്നെ വിട്ട് പോയിട്ടില്ല ......
കൊടിയ വേനല്‍ പോലാണ്
എന്റെ മോഹങ്ങള്‍ ,
നിശ്വാസങ്ങളെ ചൂട് കാറ്റാക്കി ,
പ്രതീക്ഷകളുടെ നാമ്പുകള്‍ ഉണക്കി ,
പ്രത്യാശയുടെ ഉറവകള്‍ വറ്റിച്ച് ,
എന്നെ ചുട്ട്‌ പൊള്ളിച്ചു കൊണ്ടിരിക്കുന്നു ....
എങ്കിലും ഈ ജീവിതം
ഒരു കൊതിയായ് ...
തീരാത്ത ആര്ത്തിയായ് ..
കാത്തിരിപ്പ്‌ തുടരുന്നു
പിന്നേയും .... പിന്നെയും
മോഹ വൃക്ഷങ്ങള്‍ നട്ട് കൊണ്ട്
സ്വപ്ന സൌധങ്ങള്‍ തീര്‍ത്തു കൊണ്ട് ........