Monday, 15 October 2012

വിശപ്പ്‌ 


കരി പിടിച്ചൊരീ മണ്‍ പാത്രമിന്നും
 ശൂന്യം ആണെന്നതോര്‍ത്തു തളര്‍ന്നു ഞാന്‍
വഴിയരികില്‍ തണല്‍ വിരിക്കുന്നോരീ
പാഴ് മരത്തിന്റെ ചോട്ടിലിരിക്കുന്നു

ഭൂമിയാകെ കരിച്ചു നീങ്ങുന്നോരീ
കഠിന മധ്യാഹ്ന രശ്മികള്‍ പോലുമീ
വഴിയരികിലെ വ്യഥിതനാം പാന്ഥന്റെ
എരിയുമരവയര്‍ കാണാതെ പോകുന്നു


ഒരു പകലിന്റെ അന്ത്യ ശ്വാസം കടന്ന്
ഇരവു വന്നിടാന്‍ നേരവുമായിതാ
ഇനിയുമീ കരി പാത്രത്തിന്‍ ശൂന്യത
നീക്കുവാനായിട്ടിങ്ങ് എത്തിയില്ലാരുമേ

മാന ചിന്ത തന്‍ അസ്ഥിവാരങ്ങളെ
അടിയറവു വെച്ച് എത്രയോ പകലുകള്‍
യാചനകള്‍ തന്‍ ദീന മുഖവുമായ്
നിന്റെ മുമ്പില്‍ കുമ്പിട്ടു നിന്നു  ഞാന്‍

തിക്തമാകുമെന്‍ കഷ്ട്ട ദിനങ്ങളില്‍
വിവശമീ വിശപ്പെന്നെ പഠിപ്പിച്ചു
കൈയ്യില്‍ കാലണ ഇല്ലാത്തവരുടെ
അന്നമാകുന്നു പട്ടിണി എന്നുമേ ..

എങ്കിലും കിനാ കാണുന്നു ഞാനൊരു
പൊന്‍ ദിനത്തില്‍ നീ വന്നെത്തിടുന്നതും
സ്നേഹമാകുന്ന തുമ്പപ്പൂ ചോറിനാല്‍
എന്റെ മണ്‍ പാത്രം നീ നിറയ്ക്കുന്നതും .....



No comments:

Post a Comment