Friday 12 April 2013

അടിമ 

----------------------------------------------------------------------------
അടിമ ചന്തയിലെ 
എന്നത്തേയും ഏറ്റവും 
കുറഞ്ഞ വില എന്റേതായിരുന്നു ... 
യജമാനന്മാരുടെ കണ്ണുകൾ 
എന്നിൽ അധികനേരം 
ഉടക്കി നിന്നിരുന്നില്ല 
മണ്‍ പലക  പോലുള്ള എന്റെ ഉടലും 
എണ്ണി എടുക്കാവുന്ന അസ്ഥികളും 
യജമാനന്മാരെ മുഷിപ്പിച്ചു കൊണ്ടിരുന്നു 
ചന്തയുടെ ജീർണ്ണിച്ച മൂലയിൽ 
എല്ലാ ദിവസവും 
അടിമ ചരക്കായി ഞാനുണ്ടായിരുന്നു 
ചന്തയുടെ പകലിരവുകളിൽ 
എന്റെ വേരുകൾ 
പടർന്നു തുടങ്ങിയിരുന്നു 
അസ്ഥി തുളയ്ക്കുന്ന തണുപ്പിൽ 
ഒരു യജമാനന്റെ 
ക്രൂരതയുടെ പുതപ്പു ഞാൻ സ്വപ്നം കണ്ടു 
കുതിരപ്പുറത്ത്‌  എത്തുന്ന യജമാനർക്ക് മുന്നിൽ 
ദൈന്യത നിറഞ്ഞ നോട്ടമായി എന്റെ 
ആത്മഗതങ്ങൾ  പടർന്നു കിടന്നു 
ഒടുവിലൊരു ദിനം 
ഒരു തുള്ളി ജലം 
എന്റെ ശിരസ്സിലും വീണു 
അടിമകൾക്കുള്ള 
ചങ്ങല പൂട്ടുമായി 
ആരോ എന്നെ വിളിക്കുന്നു 
എന്റെ യജമാനനൻ 
സ്നേഹ ശൂന്യനെങ്കിലും 
സുന്ദരനായിരുന്നു ... 
അയാളുടെ വെളുത്ത തൊലിയും 
മനസ്സും തമ്മിൽ 
ഒരിക്കലും സാമ്യപ്പെട്ടിരുന്നില്ല 
അയാളുടെ വന്യത എനിക്ക് 
സ്നേഹത്തിന്റെ തീരാത്ത 
നിധി കുംഭങ്ങൾ ആയിരുന്നു 
ഒരു ദശാബ്ദമായി 
വിധേയത്വത്തിന്റെ നിറ  കുടവുമായി 
യജമാനനെ സേവിക്കുന്നു 
വായില്ലാതെ 
നാവില്ലാതെ 
കൈകാലുകൾ മാത്രമുള്ള അടിമയായി 
-------------------------------------------------------------------------------

ദീപ വൈക്കം 

4 comments:

  1. ആരാണീ അടിമ?

    ReplyDelete
  2. വ്യവസ്ഥിതിയിൽ എന്നും അടിമത്തത്തിന്റെ അടയാളപ്പെടുത്തലുകളുണ്ട്.എന്നാലും,
    സ്വയമേവയുള്ള മനസ്സിന്റെ വിധേയത്വത്തിൽ ഒരു സൗന്ദര്യമുണ്ട്.പാരസ്പര്യത്തിന്റെ സൗരഭ്യവും.മറിച്ച്,മനസ്സും മുറുകെപ്പിടിച്ചുകൊണ്ടുള്ള നിസ്സംഗമായ നില്പ്,ആ സൗന്ദര്യം ഇല്ലാതാക്കുന്നു.
    അവിടെ, അടിമത്തമെന്ന വാക്ക്, അന്വർഥമാകുന്നു.കവിത നന്നായി എഴുതിയിരിക്കുന്നു.

    ശുഭാശംസകൾ...

    ReplyDelete