Tuesday 22 October 2013

സ്ക്കൂൾ പഠന കാലത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ഷൈമ .. 
ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള ഒരു അപൂർവ്വ സുന്ദരി ... പഠിക്കുവാൻ പക്ഷെ അവളത്ര പോരായിരുന്നു ..
അവളുടെ കണ്ണുകളിൽ സ്വപ്‌നങ്ങൾ നിറഞ്ഞു കിടന്നിരുന്നു എങ്കിലും നോട്ട് ബുക്കുകളും ഹോം വർക്ക് ബുക്കും ശൂന്യമായി തന്നെ കിടന്നു. അവളോട്‌ കൂട്ട് കൂടുവാൻ ആണ്‍ കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഒരു പോലെ ഉത്സാഹം ആയിരുന്നു .. ഷൈമ പക്ഷെ ആരോടും വലിയ അടുപ്പമൊന്നും കാണിച്ചില്ല . എന്ത് കൊണ്ടോ അവള്ക്കെന്നെ വലിയ കാര്യമായിരുന്നു ..
ഞങ്ങൾ ഒരുമിച്ചു നടക്കുമ്പോൾ അസൂയക്കാർ കൂട്ടുകാര് കളിയാക്കും കാക്കേം കൊക്കും പോണൂന്ന്. അന്നൊക്കെ ഞാൻ ഒരു മാതിരി പാടും ...എന്നുവച്ചാൽ പാട് പെട്ട് ഒന്നോ രണ്ടു വരി മൂളും.. എന്റെ മറ്റു ചങ്ങായിമാരെ അത് ബോറടിപ്പിക്കും എങ്കിലും ഷൈമ എന്റെ ഒരു നല്ല ശ്രോതാവ് ആയിരുന്നു.. സുന്ദരമായ സ്ക്കൂൾ ജീവിതം കഴിഞ്ഞു വര്ഷങ്ങള്ക്ക് ശേഷം ഒരു യാത്രാ മദ്ധ്യേ ഷൈമയെ ഞാൻ വീണ്ടും കണ്ടു ..ഭർത്താവും മകനുമൊത്ത്.. സന്തോഷവതിയായി.. പിരിയുമ്പോൾ ഇത് വരെ എനിക്കൊരു കൂട്ട് ആയില്ലല്ലോ എന്നായിരുന്നു അവളുടെ സങ്കടം .
ഇന്നലെ അപ്രതീക്ഷിതമായി രാജ നഗരിയിലെ തിരകകിനിടയിൽ നിന്ന് ഓടിയിറങ്ങി വന്നു അവളെന്റെ കൈകളിൽ പിടിച്ചു .. ആകെ ചടച്ചു പോയ പോലെ എന്തൊക്കെയോ മാറ്റങ്ങൾ... എന്തേലും ചോദിക്കുന്നതിനു മുൻപ് അവൾ പറഞ്ഞു .. എന്റെ ചേട്ടൻ പോയടീ.. ഐസിൽ വീണ പോലെ ഞാൻ നില്ക്കെ അവളുടെ കണ്ണ് നീർത്തുള്ളികൾ എന്റെ കൈകളെ നയ്ക്കുന്നുണ്ടായിരുന്നു.. ഒന്നും എന്റെ നാവിൽ വന്നില്ല ഒരാശ്വാസ വാക്ക് പോലും ...നിറഞ്ഞു പോയ കണ്ണുകളുടെ അവ്യക്തമായ കാഴ്ചയ്ക്കപ്പുറം കൌമാരം കടക്കാത്ത ഓമനത്തമുള്ള ഒരാണ്‍ കുട്ടി ...ഷൈമയുടെ മകനാണ് ..കണ്ണുകൾ തുടച്ചു അവളെ കൈ പിടിച്ചു നടത്തുന്ന അവനിലാണ് ഇനിയുള്ള അവളുടെ പ്രതീക്ഷകൾ....എന്റെ കുരുത്തം കെട്ട ചിന്തകളിലെയ്ക്ക് ഒരു സങ്കടവും കൂടി നിറച്ചു അവളും മകന് തിരക്കിലേയ്ക്ക് ലയിച്ചു... ഒരിക്കലും അവന്റെ മനസ്സില് നിന്നും അവളെ പടി ഇറക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാനും നടന്നു തിരക്കിൽ നിന്നും എന്റെ താവളത്തിലേയ്ക്ക്

1 comment:

  1. എത്ര പ്രവചനാതീതമാണ് ജീവിതം!

    ReplyDelete