Thursday, 5 April 2012

പുലരി പതിവ് പോലെ തന്നായിരുന്നു 
എന്റെ ലില്ലി ചെടികളുടെ ഇലകള്‍ 
നനഞ്ഞിരുന്നു... 
ആകാശത്ത് സൂര്യന്റെ പിറവിയുടെ 
തുടുപ്പ്... 
തെങ്ങോല തലപ്പുകളിലെ കാറ്റിന്റെ കൂട്
തുറന്നിരുന്നില്ല ....
എന്നിട്ടും
മൃതിയില്‍ നിന്നും ഉയിര്‍ത്ത പോല്‍
കൂനി കൂടിയ എന്റെ ചിന്തകള്‍
ഏകാന്തതയുടെ പിന്നാം പുറത്ത്
വെയിലിനെ കാത്തിരുന്നു
എന്റെ സൂര്യാ
നീ എപ്പോഴാണ് വരുന്നത്
നിന്റെ തീഷ്ണ കിരണങ്ങളാല്‍
എന്റെ ലില്ലി ചെടികളിലെ
നനവിനൊപ്പം
എന്റെ ചിന്തകളെയും
നീ കരിച്ചു കളയുമോ ??

Monday, 2 April 2012

പ്രണയമേ .. നിന്നെ 

കാത്തിരിക്കുന്നു പ്രണയമേ നിന്നെ ഞാന്‍ 
കര്‍ണ്ണികാരങ്ങള്‍ പൂക്കുമീ വീഥിയില്‍
കാത്തിരിക്കുന്നു കാതരമായി ഞാന്‍
കാര്‍ത്തിക താരം പൂക്കുമീ സന്ധ്യയില്‍

ആറ്റുവഞ്ചികള്‍ പൂക്കുമീ തീരത്ത്
കാറ്റ് പാടുന്ന പാട്ടുകള്‍ കേട്ട് ഞാന്‍
കാത്തിരിക്കുന്നെന്‍ പ്രണയമേ നീ വരും
നേരമെന്നുടെ കനവുകള്‍ പങ്കിടാന്‍

ശൂന്യമെന്നുടെ ജീവിതമെങ്കിലും
നീ നിറയ്ക്കുമോ നിറമുള്ള പൂവുകള്‍
കണ്ണുനീരിലും മഴവില്ലുതിര്‍ത്തു നീ
എന്നിലെ സൂര്യ പ്രഭയായി മാറുമോ?

കാത്തിരിക്കുന്നു പ്രണയമേ ഞാന്‍ വെറും
പാഴ്നിലത്ത് എന്റെ സ്വപ്നം വിരിച്ചതില്‍
മോഹത്തിന്‍ തിരി നാളം തെളിയിച്ച്
കാത്തിരിക്കുന്നു കാലങ്ങളായി ഞാന്‍