Friday, 30 December 2011

ആഘോഷം




മഞ്ഞ നിറമുള്ള വെളിച്ചത്തില്‍
വിരുന്നകാരാകെ മഞ്ഞച്ചിരുന്നു
അവരുടെ കണ്ണുകളും വിരലുകളും
മഞ്ഞ ബാധിച്ചു വിളര്‍ത്തു പോയിരുന്നു
കുടിച്ചു ലക്ക് കെട്ട ഒരാള്‍ ഗായകനായി മാറി
അയ്യാളുടെ സംഗീതം അസംബന്ധമാവാതിരിക്കാന്‍
മറ്റു കുടിയന്മാര്‍ നര്‍ത്തകരായും മാറി
ചമയക്കൂട്ടില്‍ പൊതിഞ്ഞ പീഡിത മുഖങ്ങളില്‍
കൃത്രിമ ചിരിയുടെ വശ്യതയില്ലായ്മ
എങ്കിലും മഞ്ഞ വെളിച്ചത്തില്‍
അവര്‍ മദാലസകള്‍ ആയിരുന്നു
വിരുന്നിനെത്തിയവര്‍ പിരിഞ്ഞു തുടങ്ങി
അവസാനം മഞ്ഞവെളിച്ചവും
 അയാളും മാത്രം ബാക്കിയായി
ആഘോഷം അയാള്‍ ഒരുക്കിയതായിരുന്നു
ഭാര്യ അയാളെയും അയാള്‍ ഭാര്യയേയും
വേണ്ടാന്നു വെച്ചതിനു ..................

പരിണാമം




ഞാന്‍ ആള്‍പ്പാര്‍പ്പില്ലാത്ത  ഒരു വീടായിരുന്നു
എന്റെ ജാലകങ്ങളിലും ഉമ്മറത്തും
ദൌര്‍ഭാഗ്യത്തിന്റെ കാട്ടു ചെടികള്‍
പടര്‍ന്നു കയറി കിടന്നിരുന്നു

എന്റെ പ്രതീക്ഷകള്‍ പോലെ
അതില്‍ നിറയെ കടുത്ത നിറമുള്ള
കാട്ടു പൂക്കള്‍ വിരിയുകയും
കൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു

വെള്ള പൂശിയ എന്റെ ചവിട്ടു പടികള്‍ക്കു മീതെ
നിര്‍ഭാഗ്യത്തിന്റെ കറുപ്പ് ചായം പടര്‍ന്നിരുന്നു
പ്രകാശമെത്താത്ത അകത്തളങ്ങളില്‍
ഭൂത കാലം മാറാല പിടിച്ചു കിടന്നിരുന്നു

എപ്പോഴോ ഒരു തോട്ടക്കാരനായി നീ അതുവഴി വന്നു
എന്നിലെ കാട്ടു പടര്‍പ്പുകള്‍ വെട്ടി നീക്കി
ചുമരുകള്‍ക്കു പ്രണയത്തിന്റെ ചായം പൂശി
തൊടിയിലും മുറ്റത്തും മുന്തിരിയും ഞാവലും നട്ടു

ഞാനിപ്പോള്‍ ഒരു കൊട്ടാരമാണ്
വിശാലമായ എന്റെ പൂമുഖത്ത്
ആശ്വാസത്തിന്റെ ആട്ടു കട്ടിലായി
സാന്ത്വനത്തിന്റെ ഇളം കാറ്റായി നീയുമുണ്ട്

Tuesday, 20 December 2011

സമ്മാനം





നീല സാഗര നയനങ്ങള്‍ ചിമ്മവേ
നീളെ പെയ്യുന്നു പ്രണയത്തിന്‍ പൂമഴ
രാഗ മധുരമാം അധരങ്ങള്‍ കാണവേ
ആര്‍ദ്രമാകുന്നെന്‍ മാനസ സ്വപ്‌നങ്ങള്‍

സന്ധ്യ ചാഞ്ഞിടും പോലെയാ പൂങ്കവിള്‍
മെല്ലെ മെല്ലെ തുടുക്കുന്നത് കാണ്‍കെ
ലോല മേഘമായ് മാറുന്നു എന്നിലെന്‍
വിവശ കാമുക സങ്കല്‍പ്പ ചിന്തകള്‍

നിന്റെ കണ്ണിലെ പ്രണയത്തിന്‍ പവിഴവും
മധുരമൂറുന്ന ചുംബനക്കനികളും
എന്നുമെന്നും എനിക്കുള്ളതെന്ന് ഞാന്‍
എത്ര വൈകി തിരിച്ച്‌ അറിഞ്ഞിടുവാന്‍

നിദ്രയെത്താത്ത രാവതിലാകവേ
ചകിത ചിത്തനായ് നീറിപ്പുകഞ്ഞു ഞാന്‍
എന്റെയോമന തന്‍ സ്നേഹ വായ്പ്പിനു
എന്ത് സമ്മാനമേകുമെന്നു ഓര്‍ക്കവേ

ഇല്ല വന്നില്ല ചിത്തത്തിലോന്നുമേ
തെല്ലു ചേരുന്ന മോഹന ശില്പങ്ങള്‍
പിന്നെയെന്തു ഞാന്‍ നല്‍കിടും കണ്മണീ
എന്നെയോര്‍ക്കുവാന്‍ സ്നേഹോപഹാരമായ്

ഒന്നും ഏകിയില്ലെന്നാകിലും നിന്നിലെന്‍
ഓര്‍മ്മകള്‍ പൂത്തുലഞ്ഞിടുമെങ്കിലും  
ഒട്ടു നാളായി കൊതിക്കുന്നിതെന്‍ മനം
എന്‍ പ്രിയയ്ക്കൊരു സമ്മാനമേകുവാന്‍

ഉഴറി ഒട്ടേറെ അലഞ്ഞതിന്‍ ഒടുവിലെന്‍
ചകിത ചിന്ത തിരിച്ചറിഞ്ഞിടുന്നു
ഒന്നുമേയില്ല പകരമാസ്നേഹത്തിന്‍
മുന്നില്‍ വയ്ക്കുവാന്‍ സമ്മാന മായിതാ