Thursday, 21 August 2014

നീ 

നാമൊരുമിച്ചുണ്ടായിരുന്ന 
ആ ദിവസത്തെ 
കറുത്ത ദിനമെന്നല്ലാതെ 
വേറെന്തു വിളിക്കും 
അന്നായിരുന്നല്ലോ
എന്റെ കണ്ണിലെ
തിരി നാളമണഞ്ഞതും
നീ എന്റെ
യജമാനനായതും
ഞാനിന്ന്
ദിക്കുകൾ നഷ്ടമായ
യാത്രികനെപ്പോലാണ്
നേര് രേഖ പോലെ
എനിക്ക് മുന്നിൽ
കിടന്നിരുന്ന
വഴികളെല്ലാം
ഏതോ പ്രളയം ഒഴുക്കി
കളഞ്ഞിരിക്കുന്നു
വഴിയറിയാതെ ഭീതിയുടെ
കടല്ക്കരയിലിരുന്നു
ഞാൻ നിന്നെ വിളിച്ച്
വൃഥാ അലമുറയിടുന്നു
അവയാകട്ടെ
തിരമാലകൾ കണക്ക്
നിന്റെ അവഗണനയുടെ
കൽക്കെട്ടുകളിൽ തട്ടി
തിരിച്ചു പോന്നു
പിന്നീടെപ്പോഴോ
നിനക്കുണ്ടായ
കാല ദോഷങ്ങൾക്ക്
എന്റെ പേര് നല്കി
നീ എന്നെ അവഗണനയുടെ
മുള്ള് വേലിക്കുള്ളിലാക്കി
നീ അറിയുന്നുണ്ടോ
എന്നിലൊരു വേദന
മേഘമല തീർത്തിരിക്കുന്നത്
അതിന്റെ കഠിനത
നിന്നിലെ ഇനിയുള്ള
സൂര്യോദയങ്ങൾക്ക്
തടസ്സമാവാതെ
ഇരിക്കട്ടെ ...
ഇനിയും നിന്റെ
ആകാശത്ത്
പ്രണയ നക്ഷത്രങ്ങൾ
തിളങ്ങി തന്നെ
നില്ക്കട്ടെ ....