Thursday, 21 August 2014

നീ 

നാമൊരുമിച്ചുണ്ടായിരുന്ന 
ആ ദിവസത്തെ 
കറുത്ത ദിനമെന്നല്ലാതെ 
വേറെന്തു വിളിക്കും 
അന്നായിരുന്നല്ലോ
എന്റെ കണ്ണിലെ
തിരി നാളമണഞ്ഞതും
നീ എന്റെ
യജമാനനായതും
ഞാനിന്ന്
ദിക്കുകൾ നഷ്ടമായ
യാത്രികനെപ്പോലാണ്
നേര് രേഖ പോലെ
എനിക്ക് മുന്നിൽ
കിടന്നിരുന്ന
വഴികളെല്ലാം
ഏതോ പ്രളയം ഒഴുക്കി
കളഞ്ഞിരിക്കുന്നു
വഴിയറിയാതെ ഭീതിയുടെ
കടല്ക്കരയിലിരുന്നു
ഞാൻ നിന്നെ വിളിച്ച്
വൃഥാ അലമുറയിടുന്നു
അവയാകട്ടെ
തിരമാലകൾ കണക്ക്
നിന്റെ അവഗണനയുടെ
കൽക്കെട്ടുകളിൽ തട്ടി
തിരിച്ചു പോന്നു
പിന്നീടെപ്പോഴോ
നിനക്കുണ്ടായ
കാല ദോഷങ്ങൾക്ക്
എന്റെ പേര് നല്കി
നീ എന്നെ അവഗണനയുടെ
മുള്ള് വേലിക്കുള്ളിലാക്കി
നീ അറിയുന്നുണ്ടോ
എന്നിലൊരു വേദന
മേഘമല തീർത്തിരിക്കുന്നത്
അതിന്റെ കഠിനത
നിന്നിലെ ഇനിയുള്ള
സൂര്യോദയങ്ങൾക്ക്
തടസ്സമാവാതെ
ഇരിക്കട്ടെ ...
ഇനിയും നിന്റെ
ആകാശത്ത്
പ്രണയ നക്ഷത്രങ്ങൾ
തിളങ്ങി തന്നെ
നില്ക്കട്ടെ ....

Thursday, 6 March 2014

നീ എനിക്ക് മനോഹരമായ 
ഒരു പ്രണയവും 
തീവ്രമായ വിരഹവും 
സമ്മാനിച്ചു 
നമ്മുടെ പ്രണയ കാലത്ത് 
പൂത്തുലഞ്ഞ വസന്തങ്ങൾ 
വിരഹത്തിന്റെ 
വേനലിൽ കരിഞ്ഞു പോയി 
എങ്കിലും 
അവഗണനയുടെ 
മുള്ള് വേലിക്കിപ്പുറം
ഓർമ്മയുടെ നേർത്ത
കൈത്തിരിയുമായി
ഞാൻ നിന്നെ
സ്നേഹിച്ചു
കൊണ്ടേയിരുന്നു
ഒരിക്കൽ നീ
എന്റെ പ്രണയത്തിനെ
തിരിച്ചറിയുമെന്ന
വ്യാമോഹവുമായി
നീ കീറിക്കളയും വരെ
എന്റെ ജീവിത താളിൽ
നിന്റെ ചിത്രം വരച്ചും
നിനക്കായി
കവിതകൽ രചിച്ചും
അവസ്ഥകൾ 

ഒരു മേഘം പെയ്തു 
തിമിർക്കുമ്പോഴും 
ഒരു ദാഹമെന്നിൽ 
എരിഞ്ഞ് നില്പ്പൂ 

മോക്ഷത്തിന്നായിരം
പടികൾ കടന്നിട്ടും
അഹല്യയൊന്നെന്നിൽ
കാത്തിരിപ്പൂ

ഓർമ്മകൾ ആയിരം
കീറി മുറിച്ചിട്ടും
തീക്കനലായൊന്നു
കാക്കുന്നു ഞാൻ
അയാൾ പറഞ്ഞു
ജര ബാധിച്ചും 
നര പടര്ന്നും
ജീവിതത്തിന്റെ 
നാൽക്കവലകളിൽ
കൂനി ക്കൂടി 
ഇരുപ്പാണ് 
ഒരു വഷളൻ
പ്രണയം

അവൾ പറഞ്ഞു
നരയും ജരയും
പടര്ന്നിട്ടും
തൊലിയി
ചുളിവുകൾ
വന്നിട്ടും
മനസ്സിന്റെ
അകത്തളങ്ങളിൽ
നടുവും നൂര്ത്തു
നില്പ്പാണ്‌
ഒരു മധുര
പ്രണയം

Tuesday, 24 December 2013


ബന്ധങ്ങൾ ഊഷ്മളമായി കൊണ്ട് പോകുമ്പോഴും അതിന്റെ ബന്ധനത്തിൽ പെടാതിരിക്കുന്നവർ ഭാഗ്യവാന്മാർ ..ഒരു ബന്ധത്തിലും അധീശത്വം കാണിക്കാതെ വിധേയത്വം സൂക്ഷിക്കുന്നവർ പലപ്പോഴും വേദനിക്കേണ്ടി വരുന്നു.  സ്വന്തമെന്നു കരുതി നെഞ്ചോടു ചേർക്കുന്നവർ പോലും വിഷപ്പല്ലുകൾ ആഴ്ത്തി കഴിഞ്ഞേ ഇക്കൂട്ടര് വിവരം അറിയൂ ..
ശ്രീ കുരീപ്പുഴ ശ്രീ കുമാറിന്റെ വാക്കുകൾ  എത്ര അർത്ഥ  പൂർണ്ണം ആണ്
വായിച്ചു നോക്കൂ



ഖേദപൂര്‍വ്വം (കുരീപ്പുഴ ശ്രീകുമാര്‍)


കപട സ്നേഹിതാ നിന്നോടു ജീവിത
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍
തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു
പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും
സുഗദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ നിന്നോടു വാസ്തവ-
കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍

ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെക്കില്ലിനി
കപട സ്നേഹിതാ നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍

Tuesday, 22 October 2013

ദേശാടനം 

ഋതു ഭേദത്തിന്റെ 
ആദ്യ ദിനങ്ങളിൽ ഒന്നിലാണ് 
ദേശാടനത്തെ കുറിച്ച് 
നീ എന്നെ ഓർമ്മപ്പെടുത്തിയത്‌
ഉരുകുന്ന വെയിലും 
അലിയുന്ന മഞ്ഞും കടന്നു 
നിലാവിലൂടെ ഇരുളിലൂടെ 
അകലങ്ങളിലെയ്ക്കുള്ള യാത്ര 
മോഹിപ്പിക്കുന്ന പുതു ദേശവും
പരസ്പമൊരു പുതപ്പായി
നാമുറങ്ങിയ ഇടത്താവളങ്ങളും
പേരറിയാത്ത പഴങ്ങളും
പുതു രുചികളും
നിന്നിൽആവേശം നിറച്ചിരിക്കുന്നു
എന്നാൽ എന്നത്തേയും
പോലെ അല്ല ഞാൻ ഇപ്പോൾ
എന്റെ ദേശാടന
മോഹങ്ങള്ക്ക് മുന്നിൽ
ദുശകുനതിന്റെ കരിമ്പൂച്ചയായി
കാലം എല്പ്പിച്ച ദുർബലതകൾ
എന്റെ ചിറകുകൾ അശക്തമാണ്
എത്ര ദൂരം പറന്നിടുമെന്നു
കണ്ടെത്തുവാൻ
കണക്കു കൂട്ടലുകൾക്ക്
ആവുന്നുമില്ല
എങ്കിലും ദേശാടനം
എന്റെയും മോഹമാണ്
സ്വത്വം 

എന്റെ ഉള്ളിൽ ഒരു പെണ്ണുണ്ട് 
ഞാനും നീയുമല്ലാത്ത
സ്വത്വം എന്ന പേരും 
സത്യമെന്ന നേരുമുള്ള 
സുന്ദരി പെണ്ണ് ...
ഉള്ളിലിരുന്നു അവൾ ചിരിക്കുമ്പോൾ 
എന്റെ കണ്ണുകൾ ചിലപ്പോൾ
കണ്ണീർ പുഴ പോലെ നിന്റെ 
മുന്നിൽ ഒഴുകുകയായിരിക്കും
അവൾ കരഞ്ഞപ്പോഴാവട്ടെ
എനിക്കൊരു ചിരിയുടെ
പടം മുഖത്തിൽ ഒട്ടിച്ചു
വെയ്ക്കേണ്ടി വന്നിട്ടുണ്ടാവാം
അവളിൽ കയ്പ്പ് പോലെ
വെറുപ്പ്‌ നിറയെ..
ഞാൻ നിന്നെ
സ്നേഹം കൊണ്ട്
മൂടിയിട്ടുണ്ടാവാം
അവളിൽ സ്നേഹം
കടലായപ്പോൾ
വെറുപ്പിന്റെ
കറുത്ത മുഖവുമായി
ഞാൻ നിന്നിട്ടുണ്ടാവാം
അവളിൽ കാമം
കത്തി പടർന്നപ്പോൾ
ചുണ്ടിൽ രാമ നാമവുമായി
ഞാനൊരു കളഭ കുറിയുടെ
നിഴലിൽ ഒളിച്ചിരുന്നിട്ടുണ്ടാവാം
എന്നിട്ടും അവൾ
എന്നെ ഞാനാക്കി
നിങ്ങള്ക്ക് മുന്നിൽ
നടത്തിടുന്നെപ്പോഴും
മാനം പോകാതെ
കാത്തിടുന്നെപ്പോഴും