Monday, 4 February 2013


ഭ്രാന്തിന്റെ അടയാളങ്ങള്‍ 


കണ്ണിലൊരു കനലിന്റെ ചോപ്പ് പടരുമ്പോള്‍
ചിന്തയിലൊരു കുടം നീരതുറയുമ്പോള്‍
വാക്കുകളെ ആരോ വരിഞ്ഞു മുറുക്കുമ്പോള്‍
മൗനമൊരു വിഷാദ കുടയായ് വിടരുമ്പോള്‍
എങ്ങോ മറയുന്ന ബോധ നിലാവിന്റെ
പിന്നാലെ എത്തുവാന്‍ വയ്യാതെ ആവുമ്പോള്‍
പൊടുന്നനെ വീണു മരിക്കുന്ന ഓര്‍മ്മ തന്‍
പിന്നാമ്പുറത്തായി കാല്‍ വഴുതി വീഴുമ്പോള്‍..
തേങ്ങലൊത്തൊരു  ചിരി ചുണ്ടില്‍ നിറയുമ്പോള്‍
പുല്‍കിയ കരങ്ങളില്‍ കല്ലുകള്‍ കാണുമ്പോള്‍
കനവുകളെയെല്ലാം ഇരുമ്പ് അഴിക്കുള്ളിലായ്‌
ഒതുക്കി ഒരുങ്ങുക പ്രിയമാം മനസ്സേ നീ..
ഓര്‍ക്കുക നീയുമൊരു ഭ്രാന്തി ആയെന്നുനീ
വരവേല്‍ക്കുക ഇരുളിനെ നിന്നിലെയ്ക്കായെന്നും

Sunday, 9 December 2012

ഓര്‍മ്മപ്പെടുത്തല്‍ 


തരളമൊരു തളിര്‍ ലതയായെന്നകതാരില്‍ 
നിന്റെയോര്‍മ്മകള്‍ തളിര്‍ത്തു നിന്നീടവേ 
മറവിതന്‍ ചെപ്പില്‍ ഒളിപ്പിക്കുവതെങ്ങനെ 
പ്രിയമാര്‍ന്ന നമ്മുടെ പ്രണയ കാലത്തെ ഞാന്‍ 

ചിന്തയില്‍ അന്തി തിരി പോലെ കത്തുന്ന 
മധുര കിനാക്കള്‍ തന്‍ ചാരത്തിരിക്കവേ 
ഇരുളിന്‍മറയാല്‍ മറയ്ക്കുവതെങ്ങനെ 
മിഴിവാര്‍ന്ന നമ്മുടെ പ്രണയകാലത്തിനെ

 എന്നിലായ് മാത്രമീ നിറവെന്നറിഞ്ഞിട്ടും 
മരുപ്പച്ചയാണ്‌ നിന്‍ മനമെന്നറിഞ്ഞിട്ടും 
എന്‍ കിനാകള്‍ തന്‍ മുറ്റത്തായിപ്പോഴും 
പൂത്തു നില്പ്പൂ നീ ഒരു രാജ മല്ലിയായ്

അകലെ സ്വസ്ഥമായ്‌ നീ ഇരിക്കുന്നു നിന്‍ 
പ്രിയ  മുഖങ്ങളൊത്തരുമയാം നിന്‍ കൂട്ടില്‍ 
ഇവിടെ   വേപഥുവാര്‍ന്നൊരു കനവുമായ് 
കാത്തിരിപ്പൂ നിന്‍ പ്രിയമാം സ്വരത്തെ ഞാന്‍ 

അറിക പ്രിയതമാ ഒരു മാത്രയെങ്കിലും 
അലയടിക്കുമെന്‍ സ്നേഹ കടലിനെ 
അതില്‍ ഉദിച്ചങ്ങോ ളിക്കുന്ന സൂര്യനായ് 
വരിക കാത്തിരിക്കുന്നു ഞാനിപ്പോഴും 




Tuesday, 27 November 2012

നിന്റെ ഹൃദയച്ചുഴിയില്‍
ഞാന്‍ വീണു പോയിരിക്കുന്നു
ഓരോ തിര തള്ളലും
നിന്റെ ആഴങ്ങളിലേയ്ക്ക്
എന്നെ കൊണ്ട് പോവുന്നു
ഒരു പത്തേമാരിയും
എത്തിച്ചേരാത്ത
നിന്റെ അഗാധതയിലേയ്ക്ക്
താണ്  പോവുമ്പോഴും
ഒരു തിരയ്ക്കൊപ്പം
എന്റെ പ്രണയത്തെ
നിന്നിലെയ്ക്ക്
ഞാന്‍ തിരിച്ചയയ്ക്കും
ഒരിക്കലെങ്കിലും
നീ അത് തിരിച്ചറിയുമെന്നും
നിന്റെ കണ്ണിലെ
നനവ്‌
അതിലേയ്ക്ക്
പടരുമെന്നും
ഞാന്‍ കിനാ കാണുന്നു

ഇല്ല നമുക്കായോരാകാശവും
കുഞ്ഞു നക്ഷത്ര സ്വപ്നവും
തൂ മലര്‍ ശയ്യയും ...
ഒന്നിച്ചുറക്കവും ..
ഒന്നായി തീരലും
എങ്കിലും ഓര്‍മ്മയില്‍
തീ പടര്‍ത്തി ,
നനയുന്ന കണ്ണില്‍
തിളയ്ക്കുന്നനോവുമായ്
ഉരകുന്ന ചിന്തയില്‍
ഉറയുന്ന മോഹമായ്
ഏതോ പ്രതീക്ഷ തന്‍
കൈപിടിച്ചിപ്പോഴും
നീ പോയ വീഥി
തന്‍ ഇപ്പുറത്ത്
കത്തും കിനാവിന്റെ
ഇത്തിരി വെട്ടത്തില്‍
കാത്തു നില്‍ക്കുന്നെന്റെ
പ്രണയമേ നിന്നെ ഞാന്‍



Friday, 16 November 2012

ഇതൊരു കഥയല്ല  കവിതയുമല്ല 
നിന്നോട് എനിക്ക് പറയുവാനുള്ള കുറച്ചു കാര്യങ്ങളാണ് ...



എന്റെ ജീവന്‍ എന്നെ വിട്ടു 
പോകാത്തിടത്തോളം 
നീ എന്റെ  ആയിരിക്കും ...
ക്രൂരമായ നിന്റെ വാക്കുകള്‍ 
ചവിട്ടി അരച്ചിട്ടും 
നിന്നോടുള്ള എന്റെ പ്രണയം 
ഇളകാതിരിക്കുന്നു ....
ഒരു മഴ പോലെ അതെന്നിലെ ഓരോ 
അണുവിനെയും നനയ്ക്കുന്നു 
എന്നിലേയ്ക്കായി മാത്രം 
നിന്നെ ആവാഹിക്കുവാന്‍ 
എന്റെ പ്രണയ മന്ത്രങ്ങള്‍ക്ക് 
കഴിഞ്ഞിരുന്നില്ല 
നിന്നെ നേടുവാനായി 
ഞാന്‍ നടത്തിയ പോരാട്ടങ്ങള്‍ 
നിന്റെ മുന്നില്‍ 
എത്ര ദുര്‍ബലമായിരുന്നു ...
നീ ഒരു തീ ജ്വാലയെന്നറിയാതെ 
പലവട്ടം നിന്നില്‍ വീണെരിഞ്ഞ 
നിശാ ശലഭമായി ഞാന്‍ 
പ്രണയത്തിനുമുപരി 
നിന്റെ കണ്ണുകളില്‍ 
പരിഹാസം തിളങ്ങുന്നത് 
ഞാനെത്ര വട്ടം 
കണ്ടു സഹിച്ചിരുന്നു ...
എങ്കിലും ....
എന്റെ സ്നേഹ മുദ്രണങ്ങള്‍ 
ദയയില്ലാത്ത നിന്റെ ഗര്‍വിന്മേല്‍ 
മഞ്ഞു മല തീര്‍ക്കുന്നത് 
ഞാന്‍ സ്വപ്നം കണ്ടു.... 
വിരഹത്തിന്റെ ഹിമ ഭൂമിയില്‍ നിന്നും 
പ്രണയത്തിന്റെയും 
ചുംബനങ്ങളുടെയും 
പറു ദീസയിലെയ്ക്ക് 
നീയെന്നെ കൊണ്ട് പോകുമെന്ന് 
ഞാന്‍ വിശ്വസിച്ചു ... 
പ്രിയനേ ......
 എന്റെ കണ്ണുകളില്‍ 
നിന്നോടുള്ള പ്രണയം 
തിളങ്ങാത്ത ദിവസങ്ങളില്‍ 
നീ എന്നെ ചുംബിക്കാതിരിക്കുക ...
തുടുപ്പുകള്‍ അകന്നു തുടങ്ങിയ 
എന്റെ ഹൃദയ തുടിപ്പ് 
നിനക്കായിട്ടെന്നറിയാത്ത  
ദിനങ്ങളില്‍ 
നീയെന്നെ 
ആശ്ലേഷിക്കാതെയും 
ഇരിക്കുക......
നീ നഷ്ടപ്പെടുത്തുന്നത് 
സ്നേഹത്തിന്റെ ആകാശവും 
വിധേയത്വത്തിന്റെ കടുലുമാണ് 
എന്ന് നീ മറക്കുന്നതെന്താണ് ..
എന്നിലെ ഭ്രാന്ത് 
നിന്നോടുള്ള 
അഗാധമായ 
എന്റെ സ്നേഹമാണെന്ന് 
നീ തിരിച്ചറിയുന്നതെന്നാണ് ???????



Sunday, 11 November 2012

ഒരു സ്വപ്നം 


അന്തി മാനത്തെ സിന്ധൂര തിലകമായ് 
അരുണന്‍ മറയുവാനായങ്ങോരുങ്ങവേ 
നീ നിറഞ്ഞ ഓരോമല്‍ കിനാവിന്റെ 
പടിയതൊന്നിലായ് ഞാനിരുന്നീടുന്നു 

വരിക കഞ്ചുകം നീക്കിയെന്‍ മുന്നില്‍ നീ 
നേര്‍ത്ത ഒരന്തി കുളിര്‍കാറ്റു പോലവേ 
നീളെ നീയെന്നില്‍ വീശി നീങ്ങീടുമ്പോള്‍ 
ഈറന്‍ ആവട്ടെ എന്നുടെ മോഹങ്ങള്‍ 

ഇരുള്‍ പരക്കുന്നോരെന്‍ മന മുറ്റത്ത് 
നറു വെളിച്ചമായ്  നീ നിറഞ്ഞിടവെ 
ഇല്ല തെല്ലുമേ ഭീതി  എനിക്കുള്ളില്‍ 
എന്റെ മോഹത്തിന്‍ താഴുകള്‍ നീക്കുവാന്‍ 

മഞ്ഞു വീണു തുടങ്ങുന്ന രാവിതില്‍ 
വരികൊരു സ്നേഹ കംബളമായി  നീ 
കുളിര് നീക്കിയെന്‍ ചിന്തയില്‍ തീ -
പകര്‍ന്നലസമൊന്നായി തീരുക നാമിനി 

Tuesday, 16 October 2012

ആത്മ രോദനം 


ജീവിത സായാഹ്ന തീരത്തിരുന്നു നീ
തേടുവതെന്താണ് പെണ്‍ കിളീ ഏകയായ്
പോയ കാലത്തിന്റെ ദുഃഖ സ്മൃതികളോ
കൈവിട്ടു പോയോരരുമയാം സ്വപ്നമോ...


യവനിക വീഴുവാനില്ലിനി അധിക നാള്‍
എന്നോതി ദുര്‍ബലമാകും നിന്‍ ചിറകുകള്‍
അരിയുവാന്‍  എത്തുന്ന ചന്ദ്രഹാസത്തിന്‍
മിന്നല്‍പ്പിണരുകള്‍ കാണുന്നതില്ലയോ

ഇല്ലില്ല ഒരു ആരണ്യകം നിനക്കായിനി
ഇല്ലാ നികുന്ജവും ഇണക്കിളി തന്‍ പാട്ടും
കാലമെകുന്നോരീ എകാന്തതയുമായ്
എത്ര നാളുണ്ടിനി എന്‍ പ്രിയ പെണ്‍ കിളീ

ശാരികേ പാടുവാനായില്ലിനിയൊരു
വൈദേഹി തന്‍ കഥയും കിളി കൊഞ്ചലും
ഇല്ലൊരു രാധയും വൃന്ദാവനവും
കുളിരാര്‍ന്നു പാടുന്ന ഹംസ ഗാനങ്ങളും

നിന്റെ മാനസ നികുന്ജതില്‍ ഇപ്പോഴും
കൊക്കുരുമ്മി ഇരിക്കുന്നൊരാണ്‍ കിളി
സ്വപ്നമാണെന്ന് അറിയുവാന്‍ ആവാത്ത
മൂഡയാണു നീ ശാരിക പെണ്‍  കിളീ 


നിന്നെ എയ്യുവാന്‍ ഉന്നം നോക്കീടുന്ന
വനചരനെ നീ കാണുന്നതില്ലയോ
കൊടിയോരമ്പ് നിന്‍ നെഞ്ചിലെത്തും
മുമ്പരിയൊരീ പ്രയാണം തുടരുക ...............