Monday, 9 January 2012


തീരുമാനങ്ങള്‍

പുതു വര്‍ഷം പിറക്കുകയാണ് .. അന്നയ്ക്കു വല്ലാതെ മടുപ്പ് തോന്നി . പുതിയ വര്‍ഷത്തില്‍ എടുക്കുവാന്‍
 തീരുമാനങ്ങള്‍ ഒന്നും  തന്നെ അന്നയ്ക്ക് ഇല്ലായിരുന്നു. എങ്കിലും നിര്‍വികാരതയുടെ 7  വര്‍ഷങ്ങള്‍ തനിക്കു സമ്മാനിച്ച പ്രിയപ്പെട്ടവനെ മനസ്സില്‍ നിന്ന് ഇറക്കി വിടാന്‍ ഈ വര്‍ഷമെങ്കിലും  കഴിയണമേ എന്ന്  അവള്‍ ആഗ്രഹിച്ചു. തീ പോലെ മനസ്സില്‍ പ്രണയം കൊണ്ട്   നടന്നിട്ടും ... സ്നേഹ മഞ്ഞായി ഉരുകി തീര്‍ന്നിട്ടും.... തന്നെ   കാണാതെ പോയ,  അലിഞ്ഞു ചേരണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം ഏതോ കാരണങ്ങളാല്‍ തന്നെ അകറ്റി നിര്‍ത്തിയ .. അയാളെ  മറക്കുവാന്‍  തനിക്കാവില്ല എന്നറിഞ്ഞിട്ടും അന്ന അത് ആഗ്രഹിച്ചു. പരിചയപ്പെട്ടതിനു ശേഷം ആദ്യമായി അന്ന അയാള്‍ക്ക്‌ പുതുവത്സര ആശംസകള്‍ നേര്‍ന്നില്ല..  അവളുടെ മൊബൈലില്‍ തെളിഞ്ഞ  അയാളുടെ സന്ദേശം അവളെ സന്തോഷിപ്പിച്ചുമില്ല.  അങ്ങനെ അയാളുടെ സാന്നിധ്യം ശബ്ദമായി പോലും ഇല്ലാത്ത കുറച്ചു ദിവസങ്ങള്‍ ...അന്നയ്ക്കു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഓരോ തവണയും ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ അയാളായിരിക്കുമെന്നു അവള്‍ പ്രതീക്ഷിച്ചു.. നിരാശയുടെ ഓരോ ദിനവും അന്നയെ തളര്‍ത്തി കൊണ്ടിരുന്നു. തന്റെ തോല്‍വി ഒരിക്കല്‍ കൂടി അന്ന തിരിച്ചറിഞ്ഞു. അവസാനം അയാളുടെ നമ്പര്‍ അവളുടെ മൊബൈലില്‍ തെളിഞ്ഞു. അന്നയ്ക്കൊന്നും പറയുവാനുണ്ടായിരുന്നില്ല മനസ്സില്‍ ഒളിപ്പിച്ച പരിഭവമല്ലാതെ..ആ സംസാരം അവസാനിച്ചപ്പോഴെയ്ക്കും തനിക്കൊരിക്കലും ജയിക്കുവാന്‍ കഴിയില്ലാ എന്നും തന്റെ ആകാശത്ത് പ്രണയ മഴ വില്ല് തെളിയില്ലാന്നും അന്നയ്ക്കു  മനസിലായി ... കാരണം ഈ പുതു വര്‍ഷത്തില്‍ അവളെ സ്നേഹിച്ചു കൊല്ലണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു.. പാവം അന്ന !!!






തീരുമാനങ്ങള്‍

പുതു വര്‍ഷം പിറക്കുകയാണ് .. അന്നയ്ക്കു വല്ലാതെ മടുപ്പ് തോന്നി . പുതിയ വര്‍ഷത്തില്‍ എടുക്കുവാന്‍
 തീരുമാനങ്ങള്‍ ഒന്നും  തന്നെ അന്നയ്ക്ക് ഇല്ലായിരുന്നു. എങ്കിലും നിര്‍വികാരതയുടെ 7  വര്‍ഷങ്ങള്‍ തനിക്കു സമ്മാനിച്ച പ്രിയപ്പെട്ടവനെ മനസ്സില്‍ നിന്ന് ഇറക്കി വിടാന്‍ ഈ വര്‍ഷമെങ്കിലും  കഴിയണമേ എന്ന്  അവള്‍ ആഗ്രഹിച്ചു. തീ പോലെ മനസ്സില്‍ പ്രണയം കൊണ്ട്   നടന്നിട്ടും ... സ്നേഹ മഞ്ഞായി ഉരുകി തീര്‍ന്നിട്ടും.... തന്നെ   കാണാതെ പോയ,  അലിഞ്ഞു ചേരണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം ഏതോ കാരണങ്ങളാല്‍ തന്നെ അകറ്റി നിര്‍ത്തിയ .. അയാളെ  മറക്കുവാന്‍  തനിക്കാവില്ല എന്നറിഞ്ഞിട്ടും അന്ന അത് ആഗ്രഹിച്ചു. പരിചയപ്പെട്ടതിനു ശേഷം ആദ്യമായി അന്ന അയാള്‍ക്ക്‌ പുതുവത്സര ആശംസകള്‍ നേര്‍ന്നില്ല.. അയാളുടെ സന്ദേശം അവളുടെ മൊബൈലില്‍  

Friday, 30 December 2011

ആഘോഷം




മഞ്ഞ നിറമുള്ള വെളിച്ചത്തില്‍
വിരുന്നകാരാകെ മഞ്ഞച്ചിരുന്നു
അവരുടെ കണ്ണുകളും വിരലുകളും
മഞ്ഞ ബാധിച്ചു വിളര്‍ത്തു പോയിരുന്നു
കുടിച്ചു ലക്ക് കെട്ട ഒരാള്‍ ഗായകനായി മാറി
അയ്യാളുടെ സംഗീതം അസംബന്ധമാവാതിരിക്കാന്‍
മറ്റു കുടിയന്മാര്‍ നര്‍ത്തകരായും മാറി
ചമയക്കൂട്ടില്‍ പൊതിഞ്ഞ പീഡിത മുഖങ്ങളില്‍
കൃത്രിമ ചിരിയുടെ വശ്യതയില്ലായ്മ
എങ്കിലും മഞ്ഞ വെളിച്ചത്തില്‍
അവര്‍ മദാലസകള്‍ ആയിരുന്നു
വിരുന്നിനെത്തിയവര്‍ പിരിഞ്ഞു തുടങ്ങി
അവസാനം മഞ്ഞവെളിച്ചവും
 അയാളും മാത്രം ബാക്കിയായി
ആഘോഷം അയാള്‍ ഒരുക്കിയതായിരുന്നു
ഭാര്യ അയാളെയും അയാള്‍ ഭാര്യയേയും
വേണ്ടാന്നു വെച്ചതിനു ..................

പരിണാമം




ഞാന്‍ ആള്‍പ്പാര്‍പ്പില്ലാത്ത  ഒരു വീടായിരുന്നു
എന്റെ ജാലകങ്ങളിലും ഉമ്മറത്തും
ദൌര്‍ഭാഗ്യത്തിന്റെ കാട്ടു ചെടികള്‍
പടര്‍ന്നു കയറി കിടന്നിരുന്നു

എന്റെ പ്രതീക്ഷകള്‍ പോലെ
അതില്‍ നിറയെ കടുത്ത നിറമുള്ള
കാട്ടു പൂക്കള്‍ വിരിയുകയും
കൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു

വെള്ള പൂശിയ എന്റെ ചവിട്ടു പടികള്‍ക്കു മീതെ
നിര്‍ഭാഗ്യത്തിന്റെ കറുപ്പ് ചായം പടര്‍ന്നിരുന്നു
പ്രകാശമെത്താത്ത അകത്തളങ്ങളില്‍
ഭൂത കാലം മാറാല പിടിച്ചു കിടന്നിരുന്നു

എപ്പോഴോ ഒരു തോട്ടക്കാരനായി നീ അതുവഴി വന്നു
എന്നിലെ കാട്ടു പടര്‍പ്പുകള്‍ വെട്ടി നീക്കി
ചുമരുകള്‍ക്കു പ്രണയത്തിന്റെ ചായം പൂശി
തൊടിയിലും മുറ്റത്തും മുന്തിരിയും ഞാവലും നട്ടു

ഞാനിപ്പോള്‍ ഒരു കൊട്ടാരമാണ്
വിശാലമായ എന്റെ പൂമുഖത്ത്
ആശ്വാസത്തിന്റെ ആട്ടു കട്ടിലായി
സാന്ത്വനത്തിന്റെ ഇളം കാറ്റായി നീയുമുണ്ട്

Tuesday, 20 December 2011

സമ്മാനം





നീല സാഗര നയനങ്ങള്‍ ചിമ്മവേ
നീളെ പെയ്യുന്നു പ്രണയത്തിന്‍ പൂമഴ
രാഗ മധുരമാം അധരങ്ങള്‍ കാണവേ
ആര്‍ദ്രമാകുന്നെന്‍ മാനസ സ്വപ്‌നങ്ങള്‍

സന്ധ്യ ചാഞ്ഞിടും പോലെയാ പൂങ്കവിള്‍
മെല്ലെ മെല്ലെ തുടുക്കുന്നത് കാണ്‍കെ
ലോല മേഘമായ് മാറുന്നു എന്നിലെന്‍
വിവശ കാമുക സങ്കല്‍പ്പ ചിന്തകള്‍

നിന്റെ കണ്ണിലെ പ്രണയത്തിന്‍ പവിഴവും
മധുരമൂറുന്ന ചുംബനക്കനികളും
എന്നുമെന്നും എനിക്കുള്ളതെന്ന് ഞാന്‍
എത്ര വൈകി തിരിച്ച്‌ അറിഞ്ഞിടുവാന്‍

നിദ്രയെത്താത്ത രാവതിലാകവേ
ചകിത ചിത്തനായ് നീറിപ്പുകഞ്ഞു ഞാന്‍
എന്റെയോമന തന്‍ സ്നേഹ വായ്പ്പിനു
എന്ത് സമ്മാനമേകുമെന്നു ഓര്‍ക്കവേ

ഇല്ല വന്നില്ല ചിത്തത്തിലോന്നുമേ
തെല്ലു ചേരുന്ന മോഹന ശില്പങ്ങള്‍
പിന്നെയെന്തു ഞാന്‍ നല്‍കിടും കണ്മണീ
എന്നെയോര്‍ക്കുവാന്‍ സ്നേഹോപഹാരമായ്

ഒന്നും ഏകിയില്ലെന്നാകിലും നിന്നിലെന്‍
ഓര്‍മ്മകള്‍ പൂത്തുലഞ്ഞിടുമെങ്കിലും  
ഒട്ടു നാളായി കൊതിക്കുന്നിതെന്‍ മനം
എന്‍ പ്രിയയ്ക്കൊരു സമ്മാനമേകുവാന്‍

ഉഴറി ഒട്ടേറെ അലഞ്ഞതിന്‍ ഒടുവിലെന്‍
ചകിത ചിന്ത തിരിച്ചറിഞ്ഞിടുന്നു
ഒന്നുമേയില്ല പകരമാസ്നേഹത്തിന്‍
മുന്നില്‍ വയ്ക്കുവാന്‍ സമ്മാന മായിതാ  
         


Monday, 31 October 2011

ചില കേട്ടറിവുകള്‍



പ്രണയിനികള്‍ ഹൃദയത്തില്‍ വീഞ്ഞും 
അധരങ്ങളില്‍ മുന്തിരി നീരും സൂക്ഷിക്കുന്നു 
അവരുടെ കണ്ണുകള്‍ നിഗൂഡമായ 
സ്വപ്നങ്ങളിലേയ്ക്കുള്ള തുരങ്കങ്ങള്‍ ആണ്
അതുവഴി ഋതു ഭേദങ്ങള്‍ അറിയാതെ
യാത്ര ചെയ്തവരത്രെ കാമുകന്മാര്‍ ....

പ്രണയിനികള്‍ മൊഴികളില്‍ സ്നേഹവും
ചലനങ്ങളില്‍ മഴവില്ലും തീര്‍ക്കുന്നു
അവരുടെ ശിരോ വസ്ത്രങ്ങള്‍ക്ക് താഴെ
കുടമുല്ലയും പനിനീര്‍ പൂക്കളും സുഗന്ധം നിറയ്ക്കുന്നു
അതില്‍ മുങ്ങി മയങ്ങി
നിദ്ര നഷടപെട്ടവരത്രേ കാമുകന്മാര്‍.....

പ്രണയിനികളുടെ സ്വപ്‌നങ്ങള്‍ സ്വര്‍ണ ഖനികളും
നെടുവീര്‍പ്പുകള്‍ മരുഭൂവിലെ ശീത കാറ്റും ആണ്
അവരുടെ നിശബ്ദതയില്‍ പോലും
ഹൃദ്യമായൊരു കവിത വിരിയുന്നു
അതിന്റെ വൃത്തവും അതിന്നറ്റവും
തേടി നടന്നവരത്രേ കാമുകന്മാര്‍.....

പ്രണയിനികള്‍ സ്നേഹത്തില്‍ ആകാശവും
കാമത്തില്‍ അലയാഴിയുമാണ്
അവരുടെ നീളന്‍ പാവാടയുടെ അലുക്കുകള്‍
മൂര്‍ച്ചയുള്ള മോഹങ്ങളാല്‍ തീര്‍ത്തിരിക്കുന്നു
അത് കൊണ്ട് ഹൃദയം മുറിഞ്ഞു
വേദനിച്ചു ചിരിച്ചവരത്രേ കാമുകന്‍മാര്‍

Monday, 24 October 2011

മോഹഭംഗങ്ങള്‍



പറയുവാനാവാതെ
പകരുവാനാവാതെ
ഒരു വാത്സല്യ കടല്‍
ഉള്ളില്‍ ഇരമ്പിയപ്പോഴാണ്
ഒരു മകളുണ്ടായിരുന്നെന്കിലെന്നു
അവള്‍ക്കു തോന്നിയത്‌......

ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയിലേയ്ക്കു
എകാന്തതയിലെയ്ക്ക്...
ഇരുളിലേയ്ക്കു ...
കുഞ്ഞുപുഞ്ചിരിയുടെ വെളിച്ചവുമായി
മകള്‍ കടന്നു വരുന്നത്
അവള്‍ കിനാവ് കണ്ടു തുടങ്ങിയത് .....

പക്ഷേ അപ്പോഴേയ്ക്കും
പടി ഇറങ്ങി പോവുന്ന യൌവ്വനം
തന്റെ ശരീരത്തിലെ
കാണാ കാഴ്ചകളുടെ ലോകം മറയ്ക്കുന്നതും,
നഷ്ടപ്പെടാത്ത വിശുദ്ധികള്‍
പരിഹസിച്ചു ചിരിക്കുന്നതും
അവള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ....

അലയടിച്ച കണ്ണീര്‍ പ്രവാഹത്തെ
കരളില്‍ ഒതുക്കി
മകളെന്ന മോഹത്തെ
മനസ്സില്‍ അടക്കി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
നഷ്ടബോധതിന്നിപ്പുറം
ഉയരുന്ന തേങ്ങല്‍ മാത്രം
അവള്‍ക്ക്‌ അടക്കുവാനായില്ല ....

അന്ന് രാവില്‍...
അവള്‍ കണ്ട കിനാവില്‍
അവള്‍ അമ്മ ആയിരുന്നു
ലോകത്തിന്റെ അമ്മ
സകലതിന്റെയും അമ്മ .....