Tuesday, 22 October 2013

മകൻ അറിയുവാൻ ...

നീ ഇല്ലാതിരുന്ന ഭൂതകാലം 
ഒരു പഴന്തുണി കെട്ടു പോലെ 
എന്റെ മുന്നില് കിടന്നു 
അതിൽ നിറയെ 
അഴുക്കു പിടിച്ചതും 
ജീർണ്ണിച്ചതുമായ 
ഓർമ്മകൾ ആയിരുനൂ 

നിന്റെ പിറവിക്കു മുൻപ്
ശരത് കാല സൂര്യനെപ്പോലെ
ജീവിതം എനിക്ക് മീതെ
എരിഞ്ഞു നിന്നിരുന്നു...
തീഷ്ണമായ അതിന്റെ
നാള ങ്ങളാൽ
എന്റെ മോഹ വൃക്ഷത്തിലെ
ഇലകൾ വാടി കൊഴിഞ്ഞിരുന്നു..

മിഴിയിൽ കുസൃതിയും
മൊഴിയിൽ സ്നേഹവുമായ്‌
നീ പിറന്നതിനു ശേഷമാണ്
അനാഥമായി കിടന്ന
എന്നിലെ മാതൃത്വത്തിന്
അർത്ഥമുണ്ടായതും
എന്റെ ലോകത്തിനു
അതിരുകളുണ്ടായതും

മഞ്ഞു കാലത്ത്
ഒരു കംബളത്തിന്നുള്ളി
നിന്നെ ചേർത്ത് കിടത്തി
കഥകൾ പറഞ്ഞു
ഉറക്കണമെന്നും
പുലരിയിൽ
ഉണര്ന്നു എണീക്കുന്ന
നിന്റെ കുറുംബിനുമീതെ
വാത്സല്യത്തിന്റെ
പൊന്നുമ്മയായി
നിറയണം എന്നും
കഠിനമായി മോഹിക്കുമ്പോൾ

എന്നോളം വളർന്നു
ഇതൾ കൂടിയൊരു
ചെന്താമര മൊട്ടുപോലെ
മകനേ...നീ എന്നിൽ
നിറഞ്ഞു നില്പ്പൂ
എന്റെ സ്വപ്നങ്ങളിൽ
സുഗന്ധം നിറച്ചും
അനാഥ ലോകത്തെ
സനാഥമാക്കിയും ....
പ്രണയം

പ്രണയം യുദ്ധമാണ് 
ഒരാൾ മറ്റൊരാളെ 
സ്നേഹിച്ച് 
തോല്പ്പിക്കുന്നു
അല്ലെങ്കിൽ 
സ്നേഹിക്കാതെ 
കൊല്ലുന്നു.. 
ഒരിക്കൽ നമ്മളും 
യുദ്ധം ചെയ്തിരുന്നു
അവിടെ എല്ലായ്പ്പോഴും
നീ തോല്ക്കുകയും
ഞാൻ മരിക്കുകയും
ചെയ്യപ്പെട്ടു ...
എങ്ങോട്ടെന്നില്ലാതെ
ഒഴുകിപ്പരന്ന
നമ്മുടെ പ്രണയത്തിനു
ഖരാവസ്ഥ
അപ്രാപ്യമായിരുന്നു
എന്ത് കൊണ്ടോ
ശയ്യാ ഗൃഹത്തിന്
മുന്നിൽ എത്തുമ്പോൾ
നിന്റെ കണ്ണുകളിൽ
എന്നോടുള്ള
ബഹുമാനം
തിളങ്ങിയിരുന്നത്
ഞാൻ തിരിച്ചറിഞ്ഞിരുന്നു
നിരാശ രണ്ടു തുള്ളി
നീർ കണമായ്‌
കാഴ്ച മറക്കുമ്പോൾ
ഞാനും ബഹുമാനിച്ചു
സവിശേഷതകളില്ലാത്ത
എന്റെ സ്വത്വത്തെ ...
സ്ക്കൂൾ പഠന കാലത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ഷൈമ .. 
ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള ഒരു അപൂർവ്വ സുന്ദരി ... പഠിക്കുവാൻ പക്ഷെ അവളത്ര പോരായിരുന്നു ..
അവളുടെ കണ്ണുകളിൽ സ്വപ്‌നങ്ങൾ നിറഞ്ഞു കിടന്നിരുന്നു എങ്കിലും നോട്ട് ബുക്കുകളും ഹോം വർക്ക് ബുക്കും ശൂന്യമായി തന്നെ കിടന്നു. അവളോട്‌ കൂട്ട് കൂടുവാൻ ആണ്‍ കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഒരു പോലെ ഉത്സാഹം ആയിരുന്നു .. ഷൈമ പക്ഷെ ആരോടും വലിയ അടുപ്പമൊന്നും കാണിച്ചില്ല . എന്ത് കൊണ്ടോ അവള്ക്കെന്നെ വലിയ കാര്യമായിരുന്നു ..
ഞങ്ങൾ ഒരുമിച്ചു നടക്കുമ്പോൾ അസൂയക്കാർ കൂട്ടുകാര് കളിയാക്കും കാക്കേം കൊക്കും പോണൂന്ന്. അന്നൊക്കെ ഞാൻ ഒരു മാതിരി പാടും ...എന്നുവച്ചാൽ പാട് പെട്ട് ഒന്നോ രണ്ടു വരി മൂളും.. എന്റെ മറ്റു ചങ്ങായിമാരെ അത് ബോറടിപ്പിക്കും എങ്കിലും ഷൈമ എന്റെ ഒരു നല്ല ശ്രോതാവ് ആയിരുന്നു.. സുന്ദരമായ സ്ക്കൂൾ ജീവിതം കഴിഞ്ഞു വര്ഷങ്ങള്ക്ക് ശേഷം ഒരു യാത്രാ മദ്ധ്യേ ഷൈമയെ ഞാൻ വീണ്ടും കണ്ടു ..ഭർത്താവും മകനുമൊത്ത്.. സന്തോഷവതിയായി.. പിരിയുമ്പോൾ ഇത് വരെ എനിക്കൊരു കൂട്ട് ആയില്ലല്ലോ എന്നായിരുന്നു അവളുടെ സങ്കടം .
ഇന്നലെ അപ്രതീക്ഷിതമായി രാജ നഗരിയിലെ തിരകകിനിടയിൽ നിന്ന് ഓടിയിറങ്ങി വന്നു അവളെന്റെ കൈകളിൽ പിടിച്ചു .. ആകെ ചടച്ചു പോയ പോലെ എന്തൊക്കെയോ മാറ്റങ്ങൾ... എന്തേലും ചോദിക്കുന്നതിനു മുൻപ് അവൾ പറഞ്ഞു .. എന്റെ ചേട്ടൻ പോയടീ.. ഐസിൽ വീണ പോലെ ഞാൻ നില്ക്കെ അവളുടെ കണ്ണ് നീർത്തുള്ളികൾ എന്റെ കൈകളെ നയ്ക്കുന്നുണ്ടായിരുന്നു.. ഒന്നും എന്റെ നാവിൽ വന്നില്ല ഒരാശ്വാസ വാക്ക് പോലും ...നിറഞ്ഞു പോയ കണ്ണുകളുടെ അവ്യക്തമായ കാഴ്ചയ്ക്കപ്പുറം കൌമാരം കടക്കാത്ത ഓമനത്തമുള്ള ഒരാണ്‍ കുട്ടി ...ഷൈമയുടെ മകനാണ് ..കണ്ണുകൾ തുടച്ചു അവളെ കൈ പിടിച്ചു നടത്തുന്ന അവനിലാണ് ഇനിയുള്ള അവളുടെ പ്രതീക്ഷകൾ....എന്റെ കുരുത്തം കെട്ട ചിന്തകളിലെയ്ക്ക് ഒരു സങ്കടവും കൂടി നിറച്ചു അവളും മകന് തിരക്കിലേയ്ക്ക് ലയിച്ചു... ഒരിക്കലും അവന്റെ മനസ്സില് നിന്നും അവളെ പടി ഇറക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാനും നടന്നു തിരക്കിൽ നിന്നും എന്റെ താവളത്തിലേയ്ക്ക്

Friday, 9 August 2013

നീ അറിയുവാൻ ( മാത്രം) 

നിന്റെ  യാത്രകൾ ആരംഭിച്ചത് 
എന്നിൽ നിന്നായിരുന്നില്ല 
അതൊരിക്കലും എന്നിൽ 
അവസാനിച്ചി രുന്നുമില്ല 
എന്നിട്ടും 
മറ്റൊരാളിലേയ്ക്കുള്ള 
നിന്റെ യാത്രകൾ 
എന്നെ സങ്കടപ്പെടുത്തിയിരുന്നു 
നിന്നെ എതിരേല്ക്കുവാൻ 
എന്നിൽ ഒരായിരാൻ 
കിനാപ്പൂക്കൾ വിരിഞ്ഞു 
നിന്നിരുന്നു ..
എന്നിട്ടും 
എന്നെ വരവേ റ്റിരുന്നത് 
മരവിച്ച 
നിന്റെ മൌനമായിരുന്നു 
കണ്ടു മുട്ടിയപ്പോഴെല്ലാം 
നിന്റെ കണ്ണുകളിൽ 
അവജ്ഞയും 
ചുണ്ടുകളിൽ 
പരിഹാസവും 
ആയിരുന്നു 
എന്നിട്ടും 
ചിറകറ്റ പ്രാവിനെപ്പോൽ 
നിന്റെ കാൽ ച്ചുവട്ടിൽ
പിടയുവാനായിരുന്നു 
എന്റെ മോഹമത്രയും 
എന്റെ ചുംബനങ്ങളുടെയും 
സ്നേഹത്തിന്റെയും 
കണ്ണികൾ അറുത്തു 
അകലങ്ങളിലേയ്ക്കു 
നീ പോയപ്പോഴെല്ലാം 
കാലവും സ്ഥലവും 
മറന്നു ഞാൻ 
കാത്തിരിക്കുന്നു 
അനന്തമായ് 
മുഗ്ദ്ധമൊരു  തുള്ളി 
തീർത്ഥ ജലം പോലെ 
നീ എന്റെ നിറുകയിൽ 
കുളിരായ് 
നിറയുന്നത് 


Thursday, 16 May 2013

ആരാണ് പ്രിയ(നല്ലാത്തവ)ൻ 

ഏറെ അടുത്തിട്ടും 
ഏറെ അറിഞ്ഞിട്ടും 
നിഴൽ പോലെ എന്നും 
കൂടെ നടന്നിട്ടും 
ഒരു പാട് സ്നേഹത്തെ
ഉള്ളിൽ നിറച്ചിട്ടും 
ഒരു മാത്ര പോലും 
അകലാതിരുന്നിട്ടും 
ഒരു വിരൽ തുമ്പിനെ
പോലും തൊടാതെ 
എന്നുമെൻ കൂട്ടായി 
താങ്ങായി തണലായി 
എന്നോടൊപ്പം നിന്ന 
സ്നേഹിതനോ.. ???
കാണുന്ന മാത്രയിൽ 
വിളറി ചിരിച്ച് ഏറെ 
സ്നേഹം വിളമ്പിയും 
കാമം തുളുമ്പിയും 
കണ്ടു പിരിയുന്ന മാത്രയിൽ 
തന്നെയാ ഓർമ തൻ 
ചെപ്പിനെ ദൂരെ എറിഞ്ഞിട്ടു
പടമൂരി എത്തുന്ന 
ഉരഗത്തെ പോലെ 
വീണ്ടും അണയുന്ന 
കള്ളത്തരങ്ങൾ തൻ 
രജകുമാരനായ്
എന്നോടൊപ്പമുള്ള നീയോ...???

Tuesday, 7 May 2013

യാത്രയ്ക്കിടയിൽ... 

മോഹ  വൃക്ഷത്തെ പോലുമെരിക്കുന്ന 
വെറി പിടിച്ചൊരു മീന വെയിലത്ത് 
കൊടിയ ദാഹത്താൽ ആകെ വലഞ്ഞൊരു 
പഥിക ഞാനൊരു തണല് തിരയവേ 
ശോണ രേണുക്കൾ ശ്വേത കണങ്ങളായ് 
ഒഴുകിയെത്തിയെൻ കാഴ്ച മറയ്ക്കുന്നു ...
കാറ്റ് പോലും കടക്കാൻ മടിക്കുമീ 
തീഷ്ണ വേനലിൻ പടികളിൽ ഇരുന്നു ഞാൻ 
വരളും നാവു നനയ്ക്കുവാനായൊരു 
ഉറവയെന്നുടെ വായിൽ തിരയവേ 
പരിഹസിക്കുന്നു പറവകൾ പോലുമീ 
ബോധമില്ലാത്തതാം മൂഡ സഞ്ചാരിയെ 
എന്റെ പ്രത്യാശ തന്നുടെ വന്മരം 
കടപുഴകുമീ വേളയിൽ പോലും ഞാൻ..
കാതു കൂർപ്പിച്ചു കാത്തിരിക്കുന്നൊരു 
സഹ പഥികന്റെ പദ നിസ്വനത്തിനായ് ...



ദീപാമോഹൻ  വൈക്കം